09:18 AM 19/12/2016
ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്ഡ് കോപ്ടര്‍ കോഴ കേസില്‍ ഗാന്ധി കുടുംബത്തിനെതിരെ മൊഴി നല്കാന് സി.ബി.ഐ സമ്മര്‍ദം ചെലുത്തുന്നുവെന്നും എന്നാല്‍, തനിക്ക് ഗാന്ധി കുടുംബവുമായി ബന്ധമില്ളെന്നും അവര്‍ക്ക് കോഴ നല്‍കിയിട്ടില്ളെന്നും കേസിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കല്‍. ദുബൈയില്‍ കഴിയുന്ന ഇയാള്‍ ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോപ്ടര്‍ കോഴയുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന 3600 കോടിയുടെ കോപ്ടര്‍ ഇടപാടില്‍ 411 കോടിയുടെ കോഴ നടന്നുവെന്നാണ് കേസ്.
ഇതില്‍ ഏറിയ പങ്കും ഇന്ത്യയിലെ രാഷ്ട്രീയ കുടുംബത്തിന് ലഭിച്ചുവെന്നാണ് ഇടനിലക്കാരുടെ ഡയറിക്കുറിപ്പ് ഉദ്ധരിച്ച് സി.ബി.ഐ കേസ് ഡയറിയില്‍ പറയുന്നത്. കോണ്‍ഗ്രസിനെ നയിക്കുന്ന ഗാന്ധി കുടുംബത്തിലേക്കാണ് അന്വേഷണ ഏജന്‍സിയുടെ സൂചനകള്‍ നീളുന്നത്. അതിനിടെയാണ് ക്രിസ്റ്റ്യന്‍ മൈക്കലിന്‍െറ പുതിയ മൊഴി പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടുമാസമായി സി.ബി.ഐ അധികൃതരില്‍നിന്ന് കടുത്ത സമ്മര്‍ദമാണ് ഉണ്ടാകുന്നത്. പ്രതിപക്ഷത്തിനെതിരെ മൊഴി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, താന്‍ ചെയ്തിട്ടില്ലാത്ത കാര്യമാണ് മൊഴിയായി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് – ക്രിസ്റ്റ്യന്‍ മൈക്കല്‍ പറഞ്ഞു.