ഗീതാമണ്ഡലം മാതൃ ദിനം അഘോഷിച്ചു

11:33pm 24/5/2016

Newsimg1_84446924
ചിക്കാഗോ. അമ്മക്ക് പ്രണാമം. നമ്മുടെ ശാസ്ത്രങ്ങളില്‍ പറയുന്നത് “ന മാതുഃ പരം ദൈവതം’ അമ്മയേക്കാള്‍ വലിയ ദേവത ഇല്ല എന്നാണ്. അത് പോലെ “ഗുരുണാം മാതാ ഗരീയസി” ഗുരുക്കന്മാരില്‍ അമ്മയാണ് ഏറ്റവും ശ്രേഷ്ഠ എന്നുമാണ്. അനാദികാലം മുതല്‍ തന്നെ അമ്മമാരെ കണ്‍കണ്ട ദൈവമായി കാണുന്ന പാരമ്പര്യമാണ് സനാതന സംസ്കാരതിന് ഉള്ളത്. മാതാ പിതാ ഗുരു എന്ന ക്രമത്തിലെ ആദ്യ സ്ഥാനം തന്നെ ഇത് വ്യക്തമാക്കുന്നു. ഈ ഭുമിയിലെ ഏറ്റവും മാധുര്യമേറിയ വാക്ക് ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ ­ അമ്മ. പൊക്കിള്‍ക്കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹം. പകരംവയ്ക്കാന് മറ്റൊന്നുമില്ലാത്ത ആത്മബന്ധം. അതാണ് അമ്മ എന്ന പനിനീര്‍ പൂവുമായുള്ള ബന്ധം.

നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം സമ്മാനിക്കുക എന്ന ലക്ഷ്യവുമായി, സനാതന ധര്‍മ്മ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഗീതാ മണ്ഡലം ഈ കഴിഞ്ഞ ശനിയാഴ്ച ഗീതാ മണ്ഡലം തറവാടില്‍ വെച്ച് അതി വിപുലമായി ആഘോഷിച്ചു. “എന്റെ അമ്മ’ എന്ന ഫോട്ടോ വീഡിയോ മത്സരവും മറ്റ് മത്സരങ്ങളും നടത്തി. ഫോട്ടോ വീഡിയോ വിഭാഗം മത്സരങ്ങളില്‍ ഈ വര്‍ഷം 25 എന്‍ട്രി ലഭിച്ചു. തുടര്‍ന്ന് മാതൃ വന്ദനവും പൂജകളും നടത്തി.

നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് മാതാവിന് പ്രഥമ സ്ഥാനം നല്കി ആദരിക്കുക എന്നതാണ്. നമ്മള്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മാതൃ രാജ്യം എന്നാണു വിശേഷിപ്പിക്കാറുള്ളൂ. ഒരിക്കലും പിതൃ രാജ്യമെന്ന് കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് “ജനനി ജന്മ ഭൂമിസ്ച്ച , സ്വര്‍ഗാതപീ ഗരീയസി (അമ്മയും മാതൃ രാജ്യവും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം)’ എന്ന് ഭഗവാന്‍ ശ്രീരാമച്ചന്ദ്രനെക്കൊണ്ട് വല്മികി രാമായണത്തില്‍ പ്രതിപാദിപ്പിച്ചത്. രാജ്യം നമ്മുടെ മാതാവും ,സംസ്കാരം നമ്മുടെ പിതാവുമാണ്. അതുകൊണ്ട് ഒരിക്കലും നാം നമ്മുടെ രാജ്യത്തെയും, നമ്മുടെ സംസ്കാരത്തെയും മറക്കുവാന്‍ പാടുള്ളതല്ല എന്ന് പ്രസിഡന്റ്­ ശ്രീ ജയചന്ദ്രന്‍ മാതൃദിന സന്ദേശത്തില്‍ പറഞ്ഞു.

ഗീതാമണ്ഡലം മാതൃദിനം ഒരു വന്‍ വിജയമാക്കാന്‍ കഴിഞ്ഞത് ശ്രീ ബൈജു മേനോന്റെയും രേഷ്മി മേനോന്റെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് എന്നും ആഴ്ചകളായി ഇതിനു വേണ്ടി യത്‌നിച്ച ഇവര്‍ വളരെ വളരെ അഭിനന്ദനം അര്ഹിക്കുന്നു എന്ന് ട്രഷറര്‍ ശ്രീ ശേഖരന്‍ അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു.

വിശ്വ പ്രേമത്തിന്റെ പ്രതീകമാണ് അമ്മ. സ്വന്തം ജീവനേക്കാള്‍ വലുതാണ് തന്റെ മക്കളുടെ ജീവന്‍ എന്ന് ചിന്തിക്കുന്ന നമ്മുടെ അമ്മമാര്‍ക്കായി ഒരു ദിനം മാത്രമല്ല ഒരു ജന്മം തന്നെ നല്കിയാലും മതിയാകില്ല. അതുപോലെ സനാതന ധര്‍മ്മത്തിന് എന്നെന്നും അഭിമാനിക്കുവാന്‍ കഴിയുന്ന അന്തസ്സും ധൈര്യവുമുള്ള, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള മനസ്സുള്ള ഒരു നല്ല തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഓരോ അമ്മമാര്‍ക്കും കഴിയട്ടെ എന്ന് ജോയിന്റ് സെക്രട്ടറി ശ്രീ ബിജു കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാതൃദിനത്തില്‍ പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ഗീതാ മണ്ഡലത്തിന്റെ “എന്റെ അമ്മ” മത്സരത്തില്‍ പങ്കെടുത്ത അമ്മമാര്‍ക്കും മക്കള്‍ക്കും ശ്രീ ബൈജു മനോന്‍ നന്ദി പ്രകാശിപ്പിച്ചു.

Back