ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍

04:21 PM 23/08/2016
download
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ 44 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഉനയില്‍ ദലിതരെ മര്‍ദിച്ച സംഭവം ഉന്നയിച്ച് നിയമസഭയില്‍ ബഹളമുണ്ടാക്കിയതിനാണ് സസ്പെന്‍ഷന്‍. സഭയില്‍ അച്ചടക്കമില്ലാതെ പെരുമാറിയ 44 എം.എല്‍.എമാരെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് സ്പീക്കര്‍ രമണ്‍ലാല്‍ വോറ അറിയിച്ചു. ഗുജറാത്തില്‍ 56 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്.

ഉനയില്‍ പശുവിന്‍്റെ തോലെടുത്തെന്ന് ആരോപിച്ച് മര്‍ദിക്കപ്പെട്ട ദലിതരുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ബഹളം വെക്കുകയായിരുന്നു. ഗോസംരക്ഷകരുടെ ക്രൂര പീഡനത്തിനിരയായ ദലിതര്‍ക്ക് നീതി ഉറപ്പാക്കണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിയമസഭാംഗങ്ങള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്കിടെ ബഹളംവെച്ചുകൊണ്ട് എം.എല്‍.എമാര്‍ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി രണ്ടുദിവസത്തെ നിയമസഭാസമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്.