ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി.

11:30 am 22/05/2016
14gujarat-lions
കാണ്‍പുര്‍: അവസാന മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ഗുജറാത്ത് പ്ളേഓഫില്‍ ഇടംനേടി. നായകന്‍ സുരേഷ് റെയ്നയും (36 പന്തില്‍ 58) മക്കല്ലവും (27 പന്തില്‍ 48) ഡ്വെ്ന്‍ സ്മിത്തും (23 പന്തില്‍ 37*) അരങ്ങുതകര്‍ത്ത കളിയില്‍ ആറു വിക്കറ്റിനാണ് മുംബൈയെ തോല്‍പിച്ചത്. ഇതോടെ മുംബൈയുടെ പ്ളേഓഫ് സാധ്യത വിദൂരത്തായി. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഫലവും റണ്‍റേറ്റുമായിരിക്കും മുംബൈയുടെ വിധി നിര്‍ണയിക്കുക. മുംബൈയുടെ തോല്‍വിയോടെ ഹൈദരാബാദും പ്ളേ ഓഫ് ഉറപ്പിച്ചു. സ്കോര്‍: മുംബൈ- 172/8, ഗുജറാത്ത് 173/4.
അത്ര മോശമല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്‍െറ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡ് തെളിയുന്നതിനുമുമ്പേ ആരോണ്‍ ഫിഞ്ചിനെ വിനയ്കുമാര്‍ മടക്കി. പിന്നീടായിരുന്നു ഗുജറാത്ത് കാത്തിരുന്ന വെടിക്കെട്ട് അരങ്ങേറിയത്. ആദ്യം ആക്രമണം തുടങ്ങിയത് റെയ്നയാണ്. മക്ലാരന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ 18 റണ്‍സടിച്ച് റെയ്ന തുടങ്ങിവെച്ച തീപ്പൊരി മക്കല്ലം ഏറ്റെടുക്കുകയായിരുന്നു. 10 ഓവര്‍ പിന്നിട്ടപ്പോള്‍ സ്കോര്‍ മൂന്നക്കം കടന്നു. ഇരുവരും പുറത്തായതിനു പിന്നാലെയത്തെിയ കാര്‍ത്തിക് വേഗം മടങ്ങിയെങ്കിലും സ്മിത്തും ജദേജയും (21) ചേര്‍ന്ന് രണ്ട് ഓവര്‍ ശേഷിക്കെ വിജയത്തിലത്തെിച്ചു. നേരത്തേ 36 പന്തില്‍ 70 റണ്‍സ് നേടിയ നിതീഷ് റാണയുടെ കരുത്തിലാണ് മുംബൈ മികച്ച സ്കോറിലത്തെിയത്.