ഗുരുവായൂരപ്പന്‍ കോളജ് മാഗസിനെതിരെ അന്വേഷണം

08:35am 6/4/2016
guruvayoorappan-college-mag_0

കോഴിക്കോട്: രാജ്യദ്രോഹവും മതസ്പര്‍ധ വളര്‍ത്തുന്നതുമെന്ന എ.ബി.വി.പി പരാതിയില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’ക്കെതിരെ പൊലീസ് അന്വേഷണം. മാഗസിന്‍ ചുട്ടെരിച്ചു രംഗത്തുവന്ന പ്രവര്‍ത്തകരുടെ പരാതിയില്‍ കസബ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്.
മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് പൊലീസ് നിയമോപദേശം തേടി. മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പലില്‍നിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി ചുമതലയേറ്റതിനാല്‍ ഉള്ളടക്കം സംബന്ധിച്ച് ഒന്നുമറിയില്‌ളെന്നാണ് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.
മാഗസിന്‍ അച്ചടിച്ച പ്രസ് പൊലീസ് സംഘം പരിശോധിച്ചു. മാഗസിനെതിരെ കേസെടുക്കുമെന്നാണ് സൂചന. ഗുരുവായൂരപ്പന്‍ കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകരായ സി. ശ്രീജിത്ത്, ഇ.കെ. ഹരിപ്രസാദ് വര്‍മ, കെ.ടി. ശ്യാംശങ്കര്‍, പി. വൈശാഖ്, ടി. സായൂജ്യ എന്നിവരാണ് പരാതി നല്‍കിയത്.രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കുകയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാഗസിനിലുള്ളതെന്നും ഏപ്രില്‍ നാലിന് നല്‍കിയ പരാതിയില്‍ പറയുന്നു.മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍സ്‌റ്റോറി. സവര്‍ണന്റെ പെണ്ണിനെ മോഹിച്ചതിന് കീഴാളനുള്ള ശിക്ഷയാണ് കഴുമരമെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയെയും മാഗസിന്‍ എതിര്‍ക്കുന്നു. എസ്.എഫ്.ഐ ഭരിക്കുന്ന കോളജ് യൂനിയനാണ് മാഗസിന്‍ തയാറാക്കിയത്. ദേശവിരുദ്ധമെന്ന് ആരോപിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച മാഗസിന്‍ കത്തിച്ചിരുന്നു.