ഗുല്‍മോഹര്‍ വിപ്ലവത്തെ വരയ്ക്കുമ്പോള്‍…

07:37 pm 16/12/2016

സാഹിത്യകാരി രതീദേവിയുമായി ഇന്റര്‍വ്യൂ: ഭാഗം-1
– സതീഷ് പി ബാബു
Newsimg1_23822864
ആകാശം മുട്ടെ വളരുന്ന ഒരു ബോണ്‍സായ് ചെടി …, ചാട്ടവാറില്‍ അച്ചടക്കം കാംക്ഷിക്കുന്ന വിപ്ലവകാരി .., പ്രകൃതിയുടെ നെഞ്ച് തുരന്ന് മാറത്തടിക്കുന്നവര്‍ .., മനുഷ്യനും മൃഗങ്ങള്‍ക്കും കഴുത്തിലേക്കായ് ഒരേ ആയുധം പണിയുന്നവര്‍ .., അതിര്‍ത്തികള്‍ മായ്ച്ച് പൂന്തോട്ടം നിര്‍മിക്കുന്നവര്‍ …, നിറങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന പതിനൊന്നാം കല്‍പ്പന .., പെണ്ണിനെ സ്‌നേഹാദരങ്ങളോടെ പുണരുന്ന പന്ത്രണ്ടാം മണിക്കൂര്‍ .. വൈരുദ്ധ്യങ്ങളുടെ സഹയാത്രികരാണ് മലയാളികള്‍ . കെട്ടുകാഴ്ചകളെ സ്തുതി കൊണ്ട് മൂടി ഉദാത്തമായതിനെ കണ്ട് കോട്ടുവായിടുന്ന ഒരു സമൂഹം .അയല്‍പക്കത്തെ അംഗീകരിക്കാത്ത ജനിതകവൈകല്യത്തിന്റെ ചുരുക്കപ്പേര്
.
ആ കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു ചിലര്‍ . അവര്‍ ചിരിക്കേണ്ടുന്ന സമയത്ത് ചിരിക്കും ,കരയേണ്ടിടത്ത് കരയും ,പരിഭവിക്കേണ്ടിടത്ത് പരിഭവിക്കും . അവര്‍ക്ക് മനുഷ്യരെ മനസ്സിലാക്കാനൊക്കും ,കണ്‍ നനവിന്റെ മന:ശാസ്ത്രമറിയും .അത്തരത്തിലൊരു വ്യക്തിയെ അറിഞ്ഞതിന്റെ സന്തോഷമുണ്ട് എനിക്ക് .സാഹിത്യ മുറ്റത്തിറങ്ങിപ്പോയി എന്ന വലിയൊരപരാധം അവര്‍ മന: പൂര്‍വം ചെയ്തു. അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു .,വേറിട്ട ക്രാഫ്റ്റുകൊണ്ട് സുഗന്ധം പൂശി ., പരിധികളുടെ ആണ്‍ലാത്തികളെ ധിക്കരിച്ചു ..ലക്ഷ്മി രതീദേവി എന്ന മുഴുവന്‍ പേരുകാരിയോട് ഇഷ്ടം തോന്നാന്‍ കാരണങ്ങളേറെ .മഗ്ദലീനയുടെ (എന്റേയും ) പെണ്‍സുവിശേഷം എന്ന അവരുടെ നോവല്‍ മാന്‍ബുക്കറിന്റെ വാതില്‍ക്കല്‍ വരെ എത്തി .മാജിക്കല്‍ റിയലിസം കൊണ്ട് ആണധികാരങ്ങളുടെ വിശാല നെറ്റിത്തടങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു ആ കൃതി.

അതിനേക്കാളൊക്കെയേറെ ,ശൈശവ സഹജമായ നിഷ്കളങ്കതയും വികൃതിയും നന്‍മയും സൗന്ദര്യവുമുണ്ട് അവരുടെ ഭാഷണത്തിന് . നോവലിന്റെ വായനാനന്തരം അകപ്പെട്ടുപോയ ദാര്‍ശനിക അരക്കില്ലത്തിന് ,രാഷ്ട്രീയപരമായ ഒരു തുടര്‍ച്ച അനിവാര്യമാണെന്ന് തോന്നി . അവര്‍ക്കും സമ്മതം .ഒരിന്റര്‍വ്യൂ എന്ന സങ്കല്‍പ്പം ഈ കുറിപ്പുകള്‍ക്ക് കൊടുക്കുകയേ വേണ്ട. മറിച്ച് ,ഇതൊരു ദീര്‍ഘ സംഭാഷണം മാത്രമാണ് .നോവലും ജീവിതവും രാഷ്ട്രീയവും ഭരണകൂങ്ങെളും ലൈംഗികതയും പുരുഷനും സ്ത്രീയും പുല്ലും പുഴുവും ഉന്‍മാദവും ഒക്കെ ക്രമത്തിലും ക്രമവിരുദ്ധമായും വികസിക്കുന്ന അച്ചടക്കരഹിതമായ ഒരു ദീര്‍ഘസംഭാഷണം .അതിന്റെ ഒന്നാം ഭാഗം .
( സതീഷ് പി ബാബു)

? മലയാളത്തിന്റെ പ്രിയ കഥാകാരിയും കവയിത്രിയും പ്രണയഭാവവുമൊക്കെയായിരുന്നു മാധവിക്കുട്ടി. അവരുടെ ഭാഷയുടെ സുഖവും നിഷ്ക്കളങ്കതയും മൂര്‍ച്ചയുമുണ്ട് രതീദേവിയുടെ എഴുത്തിനെന്ന് തോന്നിയിട്ടുണ്ട്

രതീദേവി: ‘ഓക്കുമരങ്ങള്‍ എന്നോട് പറഞ്ഞത് ‘ എന്ന പംക്തി വായിച്ച പലരും പറഞ്ഞു ,മാധവികുട്ടിയുടെ എഴുത്ത് പോലെ ഒരു ലാളിത്യം രതീദേവിയുടെ എഴുത്തിലും കാണുന്നു എന്ന് .എനിക്കറിയില്ല .അതൊക്കെ മറ്റുള്ളവര്‍ കണ്ടുപിടിക്കുന്നതല്ലേ …മാധവികുട്ടിയുടെ എഴുത്ത്കുറച്ചൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

?: മാധവികുട്ടിയെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ പ്രസംഗങ്ങളിലൊന്ന് താങ്കളുടേതാണ് .രതീദേവി എങ്ങനെയാണ് മാധവികുട്ടിയെ വായിച്ചതും അറിഞ്ഞതും ..?
(പ്രസംഗത്തിന്റെ വീഡിയോ)

‘ പക്ഷികളുടെ മണ’മാണ് അവരുടേതായ് ഞാന്‍ ആദ്യം വായിച്ച രചന.അത് വായിച്ചപ്പോഴൊന്നും എനിക്കവരോട് അത്ര മമതയൊന്നും തോന്നിയിരുന്നില്ല . അക്കാലത്തെ കഥകള്‍ ഒക്കെ ഒന്ന് മറ്റൊന്നിനോട് സാമ്യമുള്ളവയായിരുന്നു. ആ സമയത്താണ് മാതൃഭൂമിയില്‍ അവരുടെ
ബാല്യകാല സ്മരണകള്‍ വരുന്നത്. ആ എഴുത്തിന്റെ ശൈലി അതി മനോഹരമായിരുന്നു. നാട്യവും പൊങ്ങച്ചവുമൊക്കെ ഉണ്ടായിരുന്നെങ്കിലും (സ്വര്‍ണ്ണ പിടിയുള്ള അവരുടെ കുടയെ കുറിച്ച് എഴുതിയതോര്‍ക്കുന്നു.) അതിലുപയോഗിച്ച ഭാഷ അതിഗംഭീരമെന്ന് തോന്നിയിരുന്നു.

അവരുടെ രചനകളില്‍ അവരറിയാതെ തന്നെ അവരുടെ ആത്മാവിനെ അടയാളപെടുത്തുമ്പോള്‍ ,അതൊരു സ്ത്രീയുടെ ഉള്ളിലെ തേങ്ങലായ് വിലയിരുത്തപ്പെട്ടിരുന്നു. അവര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മയുണ്ട്. വീടിനകത്ത് നട്ടുവളര്‍ത്തിയ ഒരു ചെടിയെപ്പോലെ ആയിരുന്നു ഞാന്‍. എനിക്ക് സുഖമാണോ ദു:ഖമാണോ എന്നൊന്നും അന്വേഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതൊക്കെ ഒരു സാധാരണ സ്ത്രീയുടെ വിങ്ങലുകളാണ്. പുരുഷന്‍മാര്‍ക്ക് ഭക്ഷണമെടുത്ത് കൊടുക്കുന്നു ,വിളമ്പി കൊടുക്കുന്നു, കുറച്ച് കൂടി കഴിക്കൂവെന്ന് പറയുന്നു .പക്ഷേ നീ എന്തു കഴിച്ചൂവെന്ന് വളരെ ചുരുക്കം പുരുഷന്മാരെ ചോദിക്കൂ. അതൊക്കെ വളരെ സൂക്ഷ്മമായ് മാധവികുട്ടി എഴുതിയിരുന്നു.

പ്രണയത്തെ കുറിച്ചും ശരീരത്തിന്റെ കാമനകളെ കുറിച്ചും അതിന്റെ പ്രശ്‌ന പരിസരങ്ങളെ കുറിച്ചുമൊക്കെയാണ് അവര്‍ കൂടുതലും എഴുതിയത് . ഒരു പക്ഷേ പുരുഷനാല്‍ നിഷേധിക്കപ്പെട്ട പ്രണയവും സ്‌നേഹവും വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു മാധവികുട്ടിയുടെ എഴുത്ത് . ഫെമിനിസ്റ്റ് എന്ന് ഘോഷിക്കപ്പെടുന്ന ഇന്നത്തെ ചില പെണ്ണെഴുത്തുകാരുടെ രചനകളെല്ലാം അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടതാണ് . ശരീരഭാഗങ്ങളുടെ പേരെഴുതി വെച്ചാല്‍ മാത്രം അതൊരു ഫെമിനിസ്റ്റ് രചനയാകില്ലല്ലോ .

മനുഷ്യരിലെ ഏറ്റവും ഉയര്‍ന്നതും ഉന്നതവുമായ ഭാവമാണ് പ്രണയമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ മനുഷ്യനിലേയും പ്രണയത്തേയും ലൈംഗികതയേയും വീണ്ടെടുക്കാനുള്ള ശ്രമമാണ് മാധവികുട്ടിയുടെ രചനകളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. പ്രണയശൂന്യരായ മനുഷ്യര്‍ സഹജീവികളെ രക്തപ്പുഴയിലൂടെ വലിച്ചിഴക്കും .

പിന്നെ, ലൈംഗികതയും പ്രണയവുമൊക്കെ സംബന്ധിച്ച് എഴുതുമ്പോള്‍ മാധവി കുട്ടി അസാമാന്യ ധൈര്യം പ്രകടിപ്പിച്ചവരാണ് എന്നു പറയാറുണ്ട്. അതിനൊരു കാരണമായ് എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തിന്റേത് പോലുള്ള ഒരു പരിസരത്തില്‍ നിന്നു മാറി കല്‍ക്കത്ത പോലെ ഒരു സ്ഥലത്ത് നിലയുറപ്പിച്ചാണ് അവര്‍ക്കതിന് സാദ്ധ്യമായത് എന്നാണ് .
എന്തായാലും ഞാനറിയുന്ന മാധവികുട്ടി, സമൂഹം വികസിക്കാത്തതിന്റെ ലക്ഷണങ്ങളെ കൃത്യമായ് വരച്ചിട്ട ഉന്നതയായ ഒരു സ്ത്രീ തന്നെയാണ് .

?: നമുക്ക് മഗ്ദലീനയിലേക്ക് വരാം.ഒരു യാത്രയാണ് മഗ്ദലീനയുടെ പെണ്‍സുവിശേഷം . ബൈബിള്‍ കാലത്ത് നിന്ന് മഗ്ദലീനയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ഇന്നത്തെ സ്ത്രീകളില്‍ സന്നിവേശിപ്പിക്കുന്ന ഒരു യാത്ര. എങ്ങനെയാണ് മഗ്ദലീനയോടൊപ്പം യാത്രയാരംഭിക്കുന്നത് ? അല്ലെങ്കില്‍ ആ കഥാപാത്രത്തോട് ഇത്രമേല്‍ അടുപ്പം തോന്നാന്‍ കാരണമെന്താണ് .?

വളരെ സ്വാതന്ത്ര്യമുള്ള ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു എന്റേത് . അഛന്‍ നല്ല വായനക്കാരനായിരുന്നു. അഛന്‍ പറയും, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെടുക്കല്‍ വരൂ എന്ന് പറഞ്ഞ ജീസസാണ് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് .

അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്ക് ജീസസിനോട് പ്രണയം തോന്നി. എന്നിട്ടടുത്തതായ് പറയുന്നു മഗ്ദലീനയെ കുറിച്ച് . കുരിശില്‍ കിടക്കുമ്പോള്‍ ചാടിപ്പോയി ജീസസിന് വെള്ളം കൊടുത്ത അവള്‍ മിടുമിടുക്കത്തിയാണ്. അങ്ങനെ വേണം പെണ്‍കുട്ടികള്‍ എന്ന് ഇടക്കിടെ പറയും .ഇവരെ രണ്ടു പേരെയും ഒത്തിരിയിഷ്ടമായതിനാല്‍ ഞാന്‍ ബൈബിള്‍ വായിക്കാനാരംഭിച്ചു
അവിടെ പക്ഷേ മഗ്ദലീനക്ക് വലിയ റോളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ടതാകട്ടെ കുറെ പരസ്പര വൈരുദ്ധ്യങ്ങള്‍ .ഒരു വശത്ത് മഗ്ദലീനയെ കല്ലെറിയുന്നു , ആ സ്ഥലം 90 മൈല്‍ അകലെയാണ്. ഒരു സ്ത്രീ വേശ്യാവൃത്തി സ്വീകരിക്കണമെങ്കില്‍ അത്രയും അകലെ അക്കാലത്ത് വരുമോ …. പിന്നെ ജീസസിന്റെ ശിഷ്യയായിട്ട് നടക്കുമ്പോള്‍ അവരെങ്ങനെ ..വ്യഭിച്ചരിക്കാന്‍ പോകുമോ ..? പിന്നെ ,അക്കാലത്തെ മഗ്ദലീനക്കും ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീകള്‍ക്കും ചില സാമ്യതകള്‍ തോന്നി. പെണ്ണെന്ന് പറയുന്നത് കാലാതീതമാണ്. മാതൃത്വത്തിന് അന്നുമിന്നും ഒരൊറ്റ ഭാവമാണ് .കാമുകിക്ക് ഒരൊറ്റ ഭാവമാണ്. മഗ്ദലീനയില്‍ തീര്‍ച്ചയായും ഇന്നത്തെ പെണ്ണിനെ തന്നെയാണ് ഞാന്‍ കണ്ടത്. പെണ്ണിന്റെ അവസ്ഥക്ക് ഇപ്പഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.

നാടും വീടും എങ്ങനെയാണ് രതീദേവിയെ രൂപപ്പെടുത്തിയത് ..?

കുട്ടിക്കാലത്ത് എന്റെ വീട്ടില്‍ പീപ്പിള്‍ ഡെമോക്രസിയടക്കമുള്ള ധാരാളം മാഗസിനുകള്‍ വരുമായിരുന്നു .അതു വായിക്കാന്‍ ഒരുപാടാളുകള്‍ വരും. അവിടെയിരുന്ന് ചര്‍ച്ചകള്‍ നടത്തും. പാര്‍ട്ടി യോഗങ്ങള്‍ ചേരും .അങ്ങനെ 1012 വയസ് ആകുമ്പോഴേക്കും ഞാനും നല്ല രീതിയില്‍ വായനയാരംഭിച്ചിരുന്നു .അന്ന് , സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കടമ്പനാട്ടുകാരന്‍ സുധാകരന്‍ സാര്‍ വിദ്യാരംഭം പോലെയുള്ള പുസ്തകങ്ങള്‍ എനിക്ക് കൊണ്ടു തരും. അങ്ങനെ സ്കൂളില്‍ നിന്ന് നല്ലൊരു സപ്പോര്‍ട്ട് കിട്ടി. അഛനും അമ്മയും ചേട്ടനുമൊക്കെ വായനക്കാരായതിനാല്‍ അവരു വായിച്ചതൊക്കെ ഞാനും വായിച്ചു പോന്നു. കടിച്ചാല്‍ പൊട്ടാത്ത പുസ്തകങ്ങളും അക്കൂട്ടത്തില്‍ പ്പെടും .പിന്നീട് മുതിര്‍ന്നപ്പോള്‍ അത് വീണ്ടും വായിക്കുമ്പോഴാണ് അതിന് ഇങ്ങനെയൊക്കെ അര്‍ത്ഥമുണ്ടായിരുന്നല്ലോ എന്നോര്‍ക്കുന്നത് .

രതീദേവി കോളേജ് പഠന കാലത്ത്

നിരോധിക്കപ്പെട്ടിരുന്ന സഞ്ജയ് മുതല്‍ രുക്‌സാന വരെ എന്ന പുസ്തകവും വീട്ടിലുണ്ടായിരുന്നു. അതിന്റെ പേരിലാണ് ചേട്ടനെ പോലീസ് അറസ്റ്റു ചെയ്യുന്നത് .അങ്ങനെയൊക്കെയുള്ള സാമൂഹിക സാംസ്ക്കാരിക ചുറ്റുപാടില്‍ വളര്‍ന്നു വന്ന ഒരാള്‍ ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ…

ഇതിന്റെ തുടര്‍ച്ചയായിരുന്നോ രാഷ്ട്രീയവും ആക്ടിവിസവും ..?

അതെ .സ്കൂളിലും കോളേജിലുമൊക്കെ പ്രസംഗ മത്സരങ്ങളിലും സംവാദങ്ങളിലുമൊക്കെ പങ്കെടുക്കുമായിരുന്നു .ദസ്തയേവ്‌സ്കിയെ വായിച്ചപ്പോഴാണ് ഭിക്ഷക്കാരനും തെമ്മാടിക്കും കള്ളനും ഉറുമ്പിനും അമീബക്ക് പോലും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് . പ്രീഡിഗ്രി വരെ ,നന്നായി വായിക്കുമെന്നല്ലാതെ യാതൊരു രാഷ്ട്രീയ ഇടപെടലിനും ഞാനിറങ്ങിയിരുന്നില്ല .പിന്നീട് ഒരു മനംമാറ്റം തോന്നി .വി എസ് സുനില്‍കുമാര്‍ , കെ രാജന്‍ ,ചിറ്റയം ഗോപകുമാര്‍ .. അങ്ങനെ പലരും അന്ന് സുഹൃത്തുക്കളായിരുന്നു. ആയിടെ ഇടത് രാഷ്ട്രീയത്തില്‍ സജീവമായ് ഇറങ്ങി. ബിനോയ് വിശ്വം ,തിലോത്തമന്‍ ,മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയവര്‍ എന്റെ സീനിയേഴ്‌സായിരുന്നു . അന്ന് സംസ്ഥാന കമ്മറ്റി അംഗമൊക്കെ ആയിരുന്നു .

പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം മതിയാവാത്ത ഒരവസ്ഥയുണ്ടായി . ദളിത് പീഡനങ്ങള്‍ ,പോലീസ് മര്‍ദ്ദനങ്ങള്‍ ഒക്കെ വര്‍ദ്ധിച്ച ഒരു കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ നിന്ന് മറ്റൊരു ആക്ടിവിസത്തിലേക്ക് ഞാനെടുത്ത് ചാടി . പക്ഷേ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് എനിക്ക് ഒറ്റക്കുള്ള ആക്ടിവിസത്തിന് ധൈര്യവും ഊര്‍ജ്ജവും പകര്‍ന്നു നല്‍കിയത്.

പോലീസിന്റെ ലാത്തിയില്‍ കയറി പിടിക്കാന്‍ പോലുമുള്ള ചങ്കുറ്റം അങ്ങനെയുണ്ടായതാണ് ….?

ഉന്‍മാദം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ എങ്ങനെയിരിക്കും ..? ഉന്മാദം സാഹിത്യത്തിലാകുമ്പോള്‍ എങ്ങനെയിരിക്കും ..? രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉന്‍മാദമുണ്ടാകുമ്പോള്‍ ഞാന്‍ പോലീസുകാരന്റെ ലാത്തിയില്‍ കയറി പിടിക്കും .രതീദേവീ പ്രണയത്തിലിടപ്പെടുമ്പോള്‍ അത് മാധവികുട്ടിയാകും. അപ്പോള്‍ എന്റെ ചുറ്റില്‍ വേറെ യാതൊന്നുമില്ല

ഒരു വശത്ത്, മികച്ച വായനക്കാരിയായിരുന്നു രതീദേവി . അപ്പുറത്ത് അമ്മയാകട്ടെ ധാരാളം കഥകള്‍ പറഞ്ഞു തരുന്ന കൂട്ടത്തിലും . എഴുത്ത് ആയിടക്ക് വേറിട്ടൊരു യാത്രയുടെ ആരംഭമായിരുന്നോ ..?

രതീദേവിയുടെ അമ്മ
ഒരു പരിധി വരെ .12 വയസ് മുതല്‍ കവിതകള്‍ എഴുതുമായിരുന്നു . അതൊക്കെ അമ്മയായിരുന്നു തിരുത്തി തരാറുള്ളത് .വലുതായപ്പോഴും അമ്മ ഓരോ കഥകള്‍ പറഞ്ഞ് തന്നു കൊണ്ടേയിരുന്നു .എഴുത്തെന്ന് പറയുന്നത് ഒറ്റക്കുള്ള യാത്രയായിരുന്നെങ്കിലും എഴുത്തിന്നാവശ്യമായ അസംസ്കൃത വസ്തുക്കളും പരിസരവും ഊര്‍ജ്ജവും അമ്മയാണെനിക്ക് നല്‍കിയത്.

എഴുത്തിലായാലും ആക്ടിവിസത്തിലായാലും സ്ത്രീകള്‍ ഇവിടെ മോചിതരല്ല .ആണുങ്ങളുടെ മുന്നില്‍ സ്ത്രീകള്‍ പ്രസംഗിക്കുന്ന പാരമ്പര്യമില്ലെന്ന് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പുരുഷനേതാവ് മറ്റൊരു വനിതാ നേതാവിനെ ഈയിടെ ഒരു വേദിയില്‍ വച്ച് താക്കീതു ചെയ്യുകയുണ്ടായി. നൂറ്റാണ്ട് 21 ആണെന്ന് മറക്കുന്നുണ്ടോ ആണുങ്ങള്‍ …?

തീര്‍ച്ചയായും. നിങ്ങളെന്താ പേരു പറയാന്‍ മടിക്കുന്നത് ..? ഞാന്‍ പറയും ,ലീഗിന്റെ മായിന്‍ഹാജി, ഖമറുന്നീസ അന്‍വറിനോടാണ് അങ്ങനെ പറഞ്ഞത്. എക്കാലത്തും പുരുഷന്റെ വിചാരമെന്നു പറയുന്നത് അവനാണ് ഒന്നാംകിട ലൈംഗിക വര്‍ഗ്ഗമെന്നാണ്.
രാഷ്ട്രീയ അധികാരിയാവുന്നത് … മസില്‍ പവറിലൂടെ എല്ലാം നേടുന്നവര്‍ ….,യുദ്ധമുണ്ടാക്കുന്നു … വീടുണ്ടാക്കുന്നു … കീഴ്‌പ്പെടുത്തലാണ് എല്ലായിടത്തും .. പ്രണയത്തില്‍.., കുടുംബത്തില്‍ .., രാഷ്ട്രീയത്തില്‍ ഒക്കെ.

ആണിനെ വെല്ലുവിളിക്കുകയോ ധിക്കരിക്കുകയോ ഒക്കെ ചെയ്യുകയെന്നാല്‍ മതത്തെ കൂടി വെല്ലുവിളിക്കുകയാണ് എന്നൊരര്‍ത്ഥമുണ്ടല്ലോ .മതചിന്ത തന്നെ ആണിന്റെ ബുദ്ധിയാണെന്ന നിരീക്ഷണത്തിലാണ് ഞാനങ്ങനെ പറയുന്നത് .. സ്ത്രീ ഇവര്‍ക്കിടയില്‍ നിന്ന് എങ്ങനെയാണ് ഒരു സ്വതന്ത്ര ജീവിയായ് മാറുന്നത് ..?

മതം മാത്രമല്ല ,രാഷ്ട്രീയവും അങ്ങനെയാണ് .ശാസ്ത്രം, വിദ്യാഭ്യാസം ,ഭരണകൂടം , നരവംശശാസ്ത്രം, ഫിസിക്‌സ് ,ഗണിതം, ചരിത്രം … അങ്ങനെ സര്‍വ്വവും പുരുഷന്റെ ആധിപത്യത്തിന് കീഴിലാണ്.പണ്ട് നമ്മളെ പഠിപ്പിച്ചത് എങ്ങനെയാ.. അമ്മ എന്നെ കുളിപ്പിക്കും .. അച്ഛന്‍ ഉടുപ്പു വാങ്ങി തരും …അങ്ങനെല്ലേ .. ( പക്ഷേ ഇവിടെ അമേരിക്കയില്‍ ഇതിന് വ്യത്യാസമുണ്ടേ)
ഏതൊരു മതമായാലും, അതിപ്പോ ഹിന്ദുമതമായാലും ക്രിസ്തുമതമായാലും ,ഇസ്ലാം മതമായാലും മതമെന്ന് പറയുന്നത് സ്ത്രീക്ക് അടിമത്തം തന്നെയാണ്.

എത്രയൊക്കെ വിരുദ്ധാഭിപ്രായമുണ്ടെങ്കിലും ഒരു കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് അവബോധത്തില്‍ അതൊക്കെ മാറുമെന്നാണ് എന്റെ വിശ്വാസം .മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീയെ ബിക്കിനിയിട്ട് കാറിന്റെ മുന്നില്‍ കയറ്റിയിരുത്തുന്ന ഉപഭോഗ സംസ്ക്കാരമാണുള്ളത് .അവള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നുണ്ടെങ്കില്‍ മതത്തിനെതിരായ് പ്രവര്‍ത്തിക്കണം .ഒപ്പം തന്നെ നമ്മള്‍ പറയുന്നത് രാഷ്ട്രീയത്തിന്നെതിരായും പ്രവര്‍ത്തിക്കണമെന്നാണ്. ഒരു ബദല്‍ രാഷ്ട്രീയം ഇവിടെ ഉയര്‍ന്നു വരേണ്ടതുണ്ട്.

ബലാത്സ0ഗം ഏറ്റവും കൂടുതല്‍ നടക്കുന്ന നാടുകളിലൊന്നാണ് ഇന്ത്യ. സെക്‌സ് എജ്യൂക്കേഷനിലൂടെ ഒരു പരിധി വരെ റേപ്പ് തടയാമെന്ന് ഒരു വാദമുണ്ട് .ഒരു ആക്ടിവിസ്റ്റ് എന്ന നിലക്ക് ഈ പ്രശ്‌നത്തെ എങ്ങനെയാണ് നോക്കി കാണുന്നത് ..

അമേരിക്കയിലെ ഒരു കാര്യം പറഞ്ഞ് ഞാനിങ്ങോട്ട് വരാം .ഇവിടെ കുട്ടികളുടെ പരിചരണത്തിന്റെ കാര്യം വരുമ്പോള്‍ ഭാര്യ ഭര്‍ത്താവിനോട് പറയും ,. നിങ്ങള്‍ മൂന്ന് ദിവസം ലീവെടുത്ത് കുട്ടിയുടെ കാര്യങ്ങള്‍ നോക്കൂ , നാല് ദിവസം ഞാനും ചെയ്യാം. സോഷ്യലിസവും കമ്യൂണിസവുമൊന്നുമില്ലെങ്കിലും മാനസികമായ് വികസിച്ച ഒരു പുരുഷനെ അമേരിക്കയില്‍ കാണാം. അമേരിക്ക യുദ്ധമുണ്ടാക്കുന്നവരുടെ മാത്രം നാടല്ല .സാധാരണക്കാരെ കുറിച്ചാണ് ഞാന്‍ പറയുന്നത് .അല്ലാതെ യുദ്ധമുണ്ടാക്കുന്നവരെ കുറിച്ചല്ല. അതൊക്കെ രാഷ്ട്രീയക്കാരാണ് ,.ഭരണാധികാരികളാണ് .

ഇന്ത്യയിലേക്ക് വരാം. നമ്മുടെ സിനിമകള്‍ കൃത്യമായ് സ്ത്രീയെ ചരക്കുവത്കരിച്ച് ഉപഭോഗവസ്തുക്കളായ് മാറ്റുന്നതാണ് കണ്ടു വരുന്നത് .മലയാള സിനിമയില്‍ വെളുത്ത സുന്ദരിമാര്‍ മാത്രം നായികമാരായ് വരുമ്പോള്‍ അമേരിക്കയില്‍ കറുത്ത നിറമുള്ള എത്രയോ പേര്‍ നായികമാരായ് വരുന്നു.

നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ തന്നെ സ്ത്രീവിരുദ്ധമാണ് . സ്ത്രീകളെ മാനിക്കുന്ന ഒരു സമ്പ്രദായം നമുക്കില്ല .പെണ്ണിനെ കീഴ്‌പ്പെടുത്തേണ്ടതുണ്ട് എന്ന സന്ദേശം കൊടുക്കുന്ന സാഹിത്യവും സിനിമയും .. പിന്നെ നമ്മുടെ പഴഞ്ചൊല്ലുകള്‍ പോലുമില്ലേ … പെണ്ണിനേയും മണ്ണിനേയും ഇടിക്കുന്നതിനനുസരിച്ച് പതം കൂടുമെന്ന് പറയുന്നവ. .. ഇതുകൊണ്ടൊക്കെ തന്നെ ആണധികാരത്തിന്റെ സ്റ്റാമ്പിങ് ആണ് ഒരര്‍ത്ഥത്തില്‍ റേപ്പ് എന്നു പറയുന്നത്.

പിന്നെ എന്റെയൊരഭിപ്രായത്തില്‍ ,വേശ്യാലയങ്ങള്‍ക്ക് അനുമതി കൊടുത്താല്‍ റേപ്പ് കുറേയൊക്കെ ഇല്ലാതാകും .മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ പല സ്ഥലങ്ങളില്‍ നിന്ന് വന്നിറങ്ങുന്ന ചെറുപ്പക്കാരില്‍ സെക്‌സുലര്‍ വികാരം ഉണ്ട് . അതിന് ഒരു വേശ്യാലയത്തിന്റെ അനിവാര്യതയുണ്ട്.

പുല്ലിനേയും പുഴുവിനേയും നിറഞ്ഞ മനസ്സോടെ പ്രേമിക്കാന്‍ ഒരു വേശ്യക്ക് മാത്രമേ കഴിയൂ. എല്ലാ സ്ത്രീകള്‍ക്കും ഒരു വേശ്യയുടെ മനസ്സുണ്ടായിരുന്നെങ്കില്‍ ..! ശരീരത്തിനപ്പുറം ,ലിംഗത്തിനപ്പുറം ,കാമത്തിന്നപ്പുറം ,… എല്ലാറ്റിനോടും പ്രണയമുള്ള മനസ്സ് .. മഗ്ദലീനയെന്ന വേശ്യക്കിപ്പോള്‍ ഈ ഗോളത്തിലെ സമസ്ത ജീവന്റ കണികയോടും കാരുണ്യമാണ് .
സ്‌ഫോടനാത്മകമായ ഒരു ദര്‍ശനമാണത്. എങ്ങനെയാണ് ഇത്തരമൊരു നിരീക്ഷണം സാദ്ധ്യമാവുന്നത് ..?

പണ്ട് ഞങ്ങളുടെ നാട്ടില്‍, തിരുവനന്തപുരം ,എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ പണക്കാരുടെ വീട്ടില്‍ വീട്ടുജോലിക്കായ് പോയിരുന്നത് പാവപ്പെട്ട നായര്‍ സ്ത്രീകളായിരുന്നു.പിന്നെ നാടക സംഘങ്ങളിലും ബാലെകളിലും അഭിനയിക്കാന്‍ പോയിരുന്ന അവരില്‍ ചിലരൊക്കെ വേശ്യയാവുകയും അവരൊക്കെ വീട്ടില്‍ വന്നിട്ട് അമ്മയോട് രഹസ്യമായ് ആ ജോലിയെപ്പറ്റി പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട് .വലിയ കാരുണ്യമുള്ളവരായിരുന്നു അവര്‍ .എന്റെ കുഞ്ഞു മനസ്സില്‍ അന്ന് തോന്നിയത് അപ്പോള്‍ ,വേശ്യയെന്ന് പറയുന്നതിന്നര്‍ത്ഥം സ്‌നേഹവതികള്‍ എന്നാണെന്നാണ് .

അതിനെ ഒരു സിദ്ധാന്തത്തിലേക്ക് പരിണാമപ്പെടുത്തുമ്പോള്‍ വിശ്വമാനവികമായ ഒരു പ്രണയമുണ്ടെന്ന് തോന്നി. ലോകത്തിലെ എത്ര പുരുഷന്‍മാരെ പ്രണയിച്ചാലും ബാക്കിയാവുന്ന ഊര്‍ജ്ജമുണ്ടൊരു പെണ്ണിന് എന്ന ആ വിശ്വമാനവികതയെ മഗ്ദലീനയിലേക്ക് സൗന്ദര്യപരമായ് സന്നിവേശിപ്പിക്കുകയായിരുന്നു. കുലീനയെന്ന് പറയുന്ന ഒരു സ്ത്രീ തന്റെ കുഞ്ഞിന് മാത്രമേ പാല്‍ കൊടുക്കൂ .എന്നാല്‍ വേശ്യ അടുത്ത വീട്ടിലെ കുഞ്ഞിനും, എന്തിന് .. നായ്ക്കുട്ടിക്ക് പോലും പാല് കൊടുത്തെന്നിരിക്കും .ആ സൗന്ദര്യപരമായ വിശുദ്ധിയുടെ അര്‍ത്ഥത്തിലാണ് ഞാനിത് പറയുന്നത്.

തന്റെ കൂട്ടുകാരിയും പിലാത്തോസിന്റെ ഭാര്യയുമായ ക്ലാവുദിയ , വേശ്യാവൃത്തി ഉപേക്ഷിക്കാന്‍ പറയുമ്പോള്‍ മഗ്ദലീന നല്‍കുന്ന മറുപടി ശ്രദ്ധേയമാണ് . ഗ്രീക്ക് ചിന്തകനായ എപ്പിക്യൂറസിന്റെ സിദ്ധാന്തമാണത് .ശരീരത്തിന്റെയും മനസ്സിന്റേയും എല്ലാ സുഖങ്ങളും അനുഭവിച്ചതിന് ശേഷമാണ് മഗ്ദലീന വീണ്ടും ജീസസിനൊപ്പം യാത്രയാരംഭിക്കുന്നത് .ഇവിടെ മഗ്ദലീന പക്ഷേ, പെട്ടെന്നു തന്നെ ആ സങ്കല്‍പ്പത്തില്‍ നിന്നു പുറത്ത് കടക്കുന്നുമുണ്ട് ..!

ശരീരത്തിന്റേയും മനസ്സിന്റേയും ആഘോഷമാണ് ജീവിതം എന്ന ഗ്രീക്ക് ഫിലോസഫിയാണ് എപ്പിക്യൂറിയനിസം.ആഘോഷങ്ങള്‍ക്ക് ശേഷം മഗ്ദലീന ഇതില്‍ നിന്ന് മുക്തയാകുന്നുണ്ട് .അത് പക്ഷേ മഗ്ദലീനയുടെ മറുപടിയില്‍ നിന്ന് ക്ലാവുദിയ സ്വാംശീകരിക്കുന്നതാണ്. അല്ലാതെ അവള്‍ എപ്പിക്യൂറിയിസത്തെ ഫോളോ ചെയ്യുകയല്ല. അങ്ങനെയായിരുന്നെങ്കില്‍ അവള്‍ ആന്‍റിപാസിന്റെ കൂടെ പോകുമായിരുന്നല്ലോ … അല്ലെങ്കില്‍ നജിം രാജകുമാരന്റെ കൂടെ .. അങ്ങനെ എത്ര സന്ദര്‍ഭങ്ങള്‍ ..? അങ്ങനെ ആഘോഷിക്കേണ്ട സാദ്ധ്യതകളിലൊന്നും മഗ്ദലീന മതിഭ്രമിച്ചിട്ടില്ല. അവളുടെ പ്രണയസങ്കല്‍പ്പമെന്നത് അത് ശരീരത്തിനപ്പുറമായ ഒരു ആത്മീയാനുഭവമാണെന്ന തോന്നലാണ് .

അതുകൊണ്ടാണ് ആശ്രമത്തില്‍ നിന്നു പോലും അവള്‍ പെട്ടെന്നു തന്നെ ഇറങ്ങിപ്പോരുന്നത് .അക്കാലത്ത് ഗ്രീസിലെ സ്ത്രീകള്‍ക്ക് ,എത്രയും കാമുകന്‍മാരുണ്ടായിരുന്നോ അത്രയും ആഢ്യതയുണ്ടായിരുന്നു . അവിടെയൊക്കെ പ്രണയത്തിന്റെ വിശുദ്ധിയോ ആഘോഷമോ ഒക്കെ തന്നെയായിരുന്നു എപ്പിക്യൂറിയനിസം

പെണ്ണ് രതി എഴുതുമ്പോഴും രതി പെണ്ണിനെ എഴുതുമ്പോഴും രതീദേവി കണ്ട ‘ചുകപ്പുകള്‍ ‘ , എന്തെങ്കിലുമുണ്ടോ ?

മലയാള സര്‍വ്വകലാശാലയിലെ കെ ജയകുമാര്‍ സാര്‍ പറഞ്ഞു , ഇത് അസാധാരണമായ ധൈര്യത്തിന്റെ പുസ്തകമാണെന്ന് . അത് വിലക്കുകളേയും അതിര്‍ത്തികളേയും അട്ടിമറിക്കുന്നതാണ് .എന്റെ പ്രണയ സങ്കല്‍പ്പം എന്ന് പറയുന്നത് ഒരു തരം വിപ്ലവം തന്നെയാണ് .മാറ്റമാണത് തേടുന്നത് ,നിലവിലുള്ള പുരുഷാധികാരത്തിന്റെ.വിലക്കുകളെല്ലാം മറികടക്കാനുള്ളതാണ് …! we want half Sky of the earth …!!

(തുടരും)
**********
രതീദേവി : അടിമവംശം ,മഗ്ദലീനയുടെ (എന്റേയും ) പെണ്‍ സുവിശേഷം എന്നീ കൃതികളുടെ രചയിതാവ് . മനുഷ്യാവകാശ പ്രവര്‍ത്തക ,അഡ്വക്കേറ്റ് .ഇപ്പോള്‍ അമേരിക്കയില്‍ താമസം .
വെബ്‌സൈറ്റ് : www.Rethydevi.com

തയ്യാറാക്കിയത് സതീഷ് പി ബാബു
കോഴിക്കോട്
Email: sathishferoke@gmail.com
MOB : +91 9846792727