ഗൃഹാതുര സ്മരണകളുണര്‍ത്തിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം നയനാന്ദകരമായി –

04:47 pm 15/9/2016

ജിമ്മി കണിയാലി
Newsimg1_63973004 (1)
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താഫ്റ്റ് ഹൈസ്കൂളില്‍ വച്ചു നടത്തിയ ഓണാഘോഷം പ്രശസ്ത ചലച്ചിത്രതാരം റീബ മോനിക്ക ജോണ്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലൊന്നും കാണാത്ത രീതിയില്‍ ഒത്തൊരുമയോടെ വളരെയധികം ആളുകള്‍ പങ്കെടുത്ത ആഘോഷങ്ങളും ചെണ്ടമേളങ്ങളും, മറ്റ് കലാപരിപാടികളുമൊക്കെ നടത്തുന്നത് മലയാളികളുടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്തുവാന്‍ പര്യാപ്തമാണെന്ന് റീബ പറഞ്ഞു.

കൃത്യം നാലുമണിക്കുതന്നെ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഈ അടുത്തകാലത്ത് അമേരിക്കയിലെത്തിയ വളരെയധികം മലയാളികള്‍ വളരെ ദൂരെനിന്നുപോലും ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത് വളരെ പ്രോത്സാഹനജനകമായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിമന്നനേയും വാമനനേയും എഴുന്നെള്ളിച്ചുകൊണ്ട് നടത്തിയ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി.

തുടര്‍ന്ന് പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിനിമാതാരം റീബ മോനിക്കാ ജോണ്‍ ആഘോഷങ്ങള്‍ ഒഔപചാരികമായി ഉദ്ഘാടനം ചെയ്തു. വളരെയധികം സംസ്കൃതശ്ശോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മാവേലി തമ്പുരാന്‍ നടത്തിയ തീപ്പൊരി സന്ദേശം സദസിനെ ഇളക്കിമറിച്ചു. ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായരും, സി.എം.എ വൈസ് പ്രസിഡന്റ് ജസ്സി റിന്‍സിയും ആശംകള്‍ നേര്‍ന്നു. സെക്രട്ടറി ബിജി സി. മാണി സ്വാഗതവും, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ നന്ദിയും പറഞ്ഞു. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറിയായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

കലാമേളയിലെ കലാതിലകം, കലാപ്രതിഭ, സി.എം.എ സ്‌കോളര്‍ഷിപ്പുകള്‍, ചീട്ടുകളി മത്സരം, ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് വന്ദന മാളിയേക്കല്‍ ആയിരുന്നു അവതാരക. വളരെ ഉന്നതനിലവാരം പുലര്‍ത്തിയ കലാപരിപാടികള്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

വളരെ ചിട്ടയായും കൃത്യനിഷ്ഠയോടെയും നടത്തിയ പരിപാടികള്‍ക്ക് മോഹന്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജേക്കബ് പുറയംപള്ളില്‍, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോഷി മാത്യു പുത്തൂരാന്‍, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, രഞ്ജന്‍ ഏബ്രഹാം, സാബു നടുവീട്ടില്‍, ഷാബു മാത്യു, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വളരെ നല്ലരീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത ഭാരവാഹികളെ എല്ലാവരും അഭിനന്ദിച്ചു. അടുത്ത രണ്ടുവര്‍ഷത്തേക്ക് രഞ്ജന്‍ ഏബ്രഹാമിന്റേയും, ജിമ്മി കണിയാലിയുടേയും ഫിലിപ്പ് പുത്തന്‍പുരയിലിന്റേയും നേതൃത്വത്തിലുള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ സദസിന് പരിചയപ്പെടുത്തി.
Newsimg4_10831553