ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ബി.എ. ആളൂർ.

02;56 pm 1/10/2016

images (8)
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ ബി.എ. ആളൂർ. തന്നെ വക്കാലത്ത് ഏൽപ്പിച്ചതും പണം തന്നതും മുംബൈയിലെ പനവേൽ കേന്ദ്രീകരിച്ചുള്ള സംഘമാണ്. ഇവരിൽ മലയാളികളുണ്ടെന്നും ആളൂർ വെളിപ്പെടുത്തി.

ട്രെയിനിൽ മോഷണവും ലഹരിമരുന്നു കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തിൽ മലയാളിയടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. മുമ്പും ഇപ്പോഴും ഈ മാഫിയ സംഘത്തിന്‍റെ പല കേസുകളും താൻ കൈകാര്യം ചെയ്യുന്നുണ്ട്. തങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടിരുന്നതായും ആളൂർ വ്യക്തമാക്കി.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണ്. മോഷണം മാത്രമായിരുന്നു പ്രതിയുടെ ഉദ്ദേശം. ബലാത്സംഗക്കുറ്റത്തിനായി പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആളൂര്‍ ചാനൽ അഭിമുഖത്തിൽ പറയുന്നു.

അതേസമയം, സുപ്രീംകോടതി പുനപരിശോധന ഹരജി പരിഗണിക്കുമ്പോൾ കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണ് ആളൂരിന്‍റേതെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.