ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് ഗൂഢാലോചന: ഉമ്മൻചാണ്ടി

10:33 AM 17/09/2016
images (11)
ഷൊർണൂർ: സുപ്രീംകോടതിയിൽ സൗമ്യ വധക്കേസ് വാദിക്കുന്നതിൽ സർക്കാറിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ നൽകണം. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. സൗമ്യയുടെ അമ്മയെ സന്ദർശിക്കാനായി ഷൊർണൂരിലെ വീട്ടിലെത്തിയതായിരുന്നു ഉമ്മൻചാണ്ടി.

വിചാരണക്കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചപ്പോൾ മൗനം പാലിച്ച സി.പി.എം നേതാക്കൾ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോൾ അതിനെ സ്വാഗതം ചെയ്യുന്നതിന്‍റെ പിന്നിൽ ഗൂഢാലോചനയുണ്ട്. ജനരോഷത്തെ ഭയന്നും സർക്കാറിന്‍റെ വീഴ്ച മറച്ചുവെക്കാനുമാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ പോലും ഈ അഭിപ്രായം പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സുപ്രീംകോടതിയിൽ കേസ് വാദിക്കുന്നതിന് സഹായിക്കാൻ അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടർ എ.സുരേശനെ യു.ഡി.എഫ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കേസ് അന്വേഷിച്ച നാലംഗ സംഘത്തേയും പ്രോസിക്യൂട്ടറെ സഹായിക്കാനായി നിയോഗിച്ചിരുന്നു. ഇതൊന്നും ഉപയോഗിക്കാൻ കഴിയാതിരുന്നതാണ് പ്രതിയുടെ വധശിക്ഷ കുറക്കാൻ ഇടയാക്കിയതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.