ഗ്യാസ് സബ്‌സിഡി വേണ്ടെന്ന് വെച്ചവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെടുക്കാം

0714am 23/04/2016
images
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനമാനിച്ച് പാചകവാതക സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്‌സിഡി ആവശ്യപ്പെടാം. ഒരിക്കല്‍ സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി നഷ്ടപ്പെടില്‌ളെന്നും ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം സബ്‌സിഡി അനുവദിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ‘ഗിവ് ഇറ്റ് അപ്’ ആഹ്വാനം അനുസരിച്ച് ആകെയുള്ള 16.5 കോടി പാചകവാതക ഉപഭോക്താക്കളില്‍ 1.13 കോടി പേര്‍ സബ്‌സിഡി വേണ്ടെന്നുവെച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ഖജനാവിന് 1100 കോടിയുടെ ലാഭമുണ്ടായി. ഈ തുകകൂടി ഉപയോഗിച്ചാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തിനകം അഞ്ചു കോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും.ഇതിനകം 60 കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. പദ്ധതിക്കായി 8000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതി മേയ് ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ ചാര്‍ജായ 1600 രൂപയുടെ ഇളവുമാത്രമാണ് ലഭിക്കുക. സിലിണ്ടറിനും റീഫില്‍ ചെയ്യാനും അടുപ്പിനും ഉപഭോക്താക്കള്‍ പണം നല്‍കണം.

സബ്‌സിഡി നിരക്കില്‍ 12 സിലിണ്ടറാണ് വര്‍ഷത്തില്‍ ലഭിക്കുക. എണ്ണവില കുത്തനെ കുറഞ്ഞതോടെ ഇപ്പോള്‍ ഒരു സിലിണ്ടറിന് സബ്‌സിഡി 78 രൂപയാണ്. എണ്ണവില ബാരലിന് 105 ഡോളര്‍വരെയായി ഉയര്‍ന്ന 2014 ആദ്യം സബ്‌സിഡി 656 രൂപയായിരുന്നു. എണ്ണവില കുത്തനെ കൂടിയാല്‍ സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആശ്വാസംനല്‍കുന്നത് പരിഗണിക്കും. ഗ്യാസ് ഏജന്‍സികളുടെ എണ്ണം 17,500ല്‍നിന്ന് 27,500 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മണ്ണെണ്ണ സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടുവഴി നല്‍കുന്ന പദ്ധതി നടപ്പുസാമ്പത്തികവര്‍ഷം തുടങ്ങും. മണ്ണെണ്ണ സബ്‌സിഡിക്ക് അര്‍ഹരായവരുടെ പട്ടിക സംസ്ഥാനസര്‍ക്കാറാണ് തയാറാക്കുന്നത്. സബ്‌സിഡി നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്നതിന് പട്ടിക ക്രമീകരിക്കാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. അതിനാലാണ് പദ്ധതി വൈകുന്നത്. 201617 സാമ്പത്തികവര്‍ഷംതന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.