ചരിത്രം തിരുത്തിയ വെസ്റ്റ് ചെസ്റ്റര്‍ ഓണാഘോഷം

08:58 pm 20/9/2016

Newsimg1_30425892
ന്യൂയോര്‍ക്ക്:ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചിരുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇത്തവണ പുതിയ ചരിത്രം കുറിക്കുന്നതായി. നാല്‍പ്പത്തിരണ്ട് ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌­സ്‌­ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. നാല്‍പ്പത്തിരണ്ട് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളില്‍ ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും ചരിത്രവും മികവിന്റെ പാരമ്പര്യം കാത്തു. രണ്ടായിരം ആളുകള്‍ പങ്കുടുത്തു ചരിത്രം തിരുത്തി കുറിക്കുന്നതായിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷം.

ആയിരത്തിഅഞ്ഞുറില്‍ പരം പേര്‍ പങ്കെടുത്ത ഓണസദ്യയും ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടി അടക്കമുള്ള കലാപരിപാടികളും അസോസിയേഷന്‍ നടത്തിയപ്പോള്‍ ഓണാഘോഷത്തിനു ഇരട്ടിമധുരം.

ഷെര്‍ലീസ്, സിറ്റാര്‍ പാലസ്, സ്‌­പൈസസ് വില്ലേജ് എന്നിവയൊരുക്കിയ ഓണസദ്യയുണ്ട് വയറു നിറഞ്ഞ അതിഥികള്‍ക്ക് കലാവിരുന്നില്‍ മനസും നിറഞ്ഞു. അബ്ദുവിന്റെ കേരളാ കിച്ചന്‍ സ്‌­നാക്കുകളുമായും രംഗത്തൂണ്ടായിരുന്നു. ഗ്രീന്‍ബര്‍ഗ് വുഡ്‌­ലാന്‍ഡ്‌­സ് ഹൈസ്കൂളില്‍ ഓണസദ്യയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. മാവേലിയായി രാജ് തോമസ് വേഷമിട്ടു. താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക് റോക്ക് ലാന്‍ഡ് മേളമിത്രയുടെ തകര്‍പ്പന്‍ ചെണ്ടമേളമാണ് ചെണ്ടയുടെ മേളകൊഴുപ്പു പകര്‍ന്നു. സ്കൂളിന്റെ പാതിഭാഗം വലംവെച്ച് ഘോഷയാത്ര ഹാളിനുള്ളില്‍ പ്രവേശിച്ചതോടെ ഉദ്ഘാടന സമ്മേളനമായി.ഓണാശംസകളുമായി പൂക്കളം ഏവരേയും വരവേറ്റു.

വര്‍ഷങ്ങളായി മാവേലിയുടെ വേഷം തന്മയത്വത്തോടെ അവതരിപ്പിക്കുന്ന രാജു തോമസിന്റെ മഹാബലി കരങ്ങളുയര്‍ത്തി പ്രജകളെ അനുഗ്രഹിച്ചു കടന്നുവന്നപ്പോള്‍ തരുണീമണികള്‍ താലപ്പൊലികളുമായി അദ്ദേഹത്തെ എതിരേറ്റു. ഹ്രസ്വദൂരത്തിലുള്ള ഘോഷയാത്രയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടെറന്‍സണ്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഭാരവാഹികളുടെ നീണ്ട പ്രസംഗങ്ങളും മറ്റുള്ളവരുടെ ആശംസകള്‍ ഒഴിവാക്കിയും കലാപരിപാടികള്‍ക്ക് വേദി തുറന്നതും പ്രത്യേകതയായി.

ആഘോഷത്തിനു തുടക്കംകുറിച്ച് നിലവിളക്ക് കൊളുത്തിയതിലും സംഘടനയുടെ ഐക്യവും കെട്ടുറപ്പും വ്യക്തമായി. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആദ്യ തിരികൊളുത്തി . ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട്,ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കില്‍ ഒരു തിരി തെളിയിച്ചപ്പോള്‍ ഫാ. സോണി ഫിലിപ്പും, വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പക്ഷേത്രം മേല്‍ശാന്തി മനോജ് നമ്പൂതിരിയും, ഫൊക്കാന എക്‌­സി. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പുംചേര്‍ന്ന് മറ്റൊരു തിരി തെളിയിച്ചു.

പള്ളികളിലും ക്ഷേത്രങ്ങളിലും ജാതി സംഘടനകളിലുമൊക്കെ ഓണാഘോഷം നടക്കുന്നത് ശ്രീകുമാര്‍ ഉണ്ണിത്താനും ടെറന്‍സണ്‍ തോമസും ചൂണ്ടിക്കാട്ടി. അതൊക്കെ ഒരു വിഭാഗത്തിന്റെ ഓണം മാത്രമാണ്. ഓണത്തിന്റെ സന്ദേശം പേറുന്നവയല്ല അവ. ഓണത്തിന്റെ സന്ദേശം എല്ലാ മാനുഷരും ഒന്നുപോലെ കഴിയുന്ന ലോകമാണ്. എല്ലാ മലയാളികളേയും ഒന്നായി കാണാന്‍ സാംസ്­കാരിക സംഘടനകള്‍ക്കേ കഴിയൂ. അതിനാല്‍ യഥാര്‍ത്ഥ ഓണം ഇവിടെയാണ്.

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പത്തു ഡോളര്‍ കൊടുക്കാന്‍ ആര്‍ക്കാണില്ലാത്തതെന്ന ചോദ്യം ഉണ്ടായെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഓണാഘോഷം പ്രത്യേക ഫീസില്ലാതെ നടത്തുക എന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. അതു സാധ്യമാക്കിയത് ഇവിടുത്തെ ബിസിനസുകാരാണ്. അവരോട് തങ്ങളും മലയാളി സമൂഹവും കടപ്പെട്ടിരിക്കുന്നു.

നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് സംഘടനയുടെ ആദ്യ പ്രസിഡന്റായ എം.വി. ചാക്കോ ഇപ്പോള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടിയ ഉണ്ണിത്താന്‍ മുന്‍ ഭാരവാഹികളുടെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നാല്‍പ്പത്തിരണ്ടാമത്തെ ഓണാഘോഷം സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയതെന്ന് പറഞ്ഞു.

ഭിന്നതകള്‍ക്കപ്പുറം സൗഹൃദവും സ്‌­നേഹവും നിലനിര്‍ത്താനാകുന്നു എന്നതാണ് അസോസിയേഷന്റെ ശക്തി എന്നു ടെറന്‍സണും ചൂണ്ടിക്കാട്ടി.

നാട്ടില്‍ ഹരമായി മാറിയ ഉപ്പും മുളകും ഷോയിലെ നിഷാ സാരംഗിയായിരുന്നു ഓണസന്ദേശം നല്‍കിയത്. നാട്ടിലെ ബഹളങ്ങളൊന്നും കാണുന്നില്ലെങ്കിലും ഓണം ആഹ്ലാദപൂര്‍വ്വം പരമ്പരാഗത രീതിയില്‍ ഇവിടെയും കൊണ്ടാടുന്നു എന്നതു സന്തോഷകരമാണെന്നവര്‍ പറഞ്ഞു. പുലികളിയൊന്നും കണ്ടില്ല. തിരുവാതിരയും മറ്റും കണ്ടു. തനിമ നിലനിര്‍ത്താന്‍ പ്രവാസി സമൂഹം ശ്രദ്ധകാട്ടുന്നുവെന്നതു വലിയ കാര്യമാണ്.

വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി എക്‌­സിക്യ്യൂട്ടിവ് റോബ് അസ്‌റ്റോറിനോ ആയിരുന്നു മുഖ്യാതിഥി. കൗണ്ടിയിലെ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ധേഹം പ്രത്യേകം എടുത്തു പറഞ്ഞു. ഓണത്തിന്റെ വലിയ സന്ദേശവും അദ്ധേഹം അനുസ്മരിച്ചു.

മധുകര്‍ ലാലിന്റെ നേതൃത്വത്തിലുള്ള റോക്ക് ലാന്‍ഡ് സ്­കൂള്‍ ഓഫ് വയലിന്‍ അംഗങ്ങള്‍ ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.

സംഘടനയുടെ മുഖപത്രം കേരള ദര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായരില്‍ നിന്നും കെ.ജെ. ഗ്രിഗറി ഏറ്റുവാങ്ങുകയും കേരളത്തില്‍ നിന്നു വന്ന കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍ ജോയി തോമസ് പ്രകാശനം നടഠുകയും ചെയ്തു.

വെസ്റ്റ് ചെസ്റ്റര്‍ ചലഞ്ചേഴ്‌­സ് ടീമിനു ക്യാഷ് അവാര്‍ഡും ചടങ്ങില്‍ നല്‍കി. കലാപരിപാടികള്‍ക്ക് ഷൈനി ഷാജന്‍ ആയിരുന്നു എം.സി.

പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണി നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്നു . ചടുലമായ ചലനങ്ങളും ലാസ്യ വിലാസ മോഹന ഭാവങ്ങളും കൈമുദ്രകളുമെല്ലാം മികവുറ്റ നര്‍ത്തകി എങ്ങനെ ആയിരിക്കണമെന്നു തെളിയിക്കുന്നതായിരുന്നു.

അസോസിയേഷന്റെ വനിതാഫോറത്തിന്റെ തിരുവാതിര ,ബിന്ദ്യ പ്രസാദ്, ദേവിക ഹരി,ലതിക ഉണ്ണി ,രാധിക ബഹല്‍ എന്നിവരുടെ നേതൃത്തത്തില്‍ലുള്ള നൃത്തങ്ങള്‍ ,രേഖാ നായര്‍ , കവിത സാഗര്‍ എന്നിവരുടെ സോളോയും , സാബു തിരുവല്ലയുടെ മിമിക്രിയും , വെസ്റ്റ് ചെസ്റ്ററിലെ കലാകാരികളുടെ കലാപരിപാടികള്‍ പ്രേക്ഷക ഹൃദയം കവരുന്നതായിരുന്നു.