ചരിത്രം തിരുത്തി പുലിമുരുകൻ 100 കോടി ക്ലബിൽ കടന്ന ആദ്യ മലയാള ചിത്രം

02.03 PM 07/11/2016
pulimurugan_071116
തിരുവനന്തപുരം: മോഹൻലാൽ–വൈശാഖ് ടീമിന്റെ ‘പുലിമുരുകൻ’ മലയാള സിനിമയിൽ പുതിയ ചരിത്രം രചിച്ചു. ചരിത്രത്തിൽ ആദ്യമായി 100 കോടി കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയാണ് പുലിമുരുകൻ സ്വന്തമാക്കിയത്. മോഹൻലാലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഇക്കാര്യം സ്‌ഥിരീകരിച്ചു.

ഗൾഫിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോലീസിന്റെയും അണിയറപ്രവർത്തകരുടെയും കരുതലോടെയുള്ള ഇടപെടലിലൂടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പുലിമുരുകൻ വേട്ട തുടരുകയാണ്.

മലയാളക്കര കീഴടക്കി മൂന്നാഴ്ചകൾക്ക് ശേഷമാണ് ചിത്രം വിദേശത്ത് റിലീസ് ചെയ്തത്. മലയാളികൾ ഉള്ള നാടുകളിലൊക്കെ ചിത്രത്തിന് വൻ വരവേൽപ്പ് ലഭിച്ചതോടെയാണ് നൂറു കോടി എന്ന സ്വപ്നം ഇത്ര വേഗത്തിൽ സ്വന്തമാക്കിയത്. ക്രിസ്മസ് റിലീസുകൾ വരെ ചിത്രം തീയറ്ററിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇനി മലയാളികൾ കാത്തിരിക്കുന്നത് ചിത്രം 150 കോടി കളക്ഷൻ നേടുമോ എന്നറിയാനാണ്.