ചാമ്പ്യൻസ്​ ലീഗ്​ ഫുട്​​ബോൾ; റയലിനും സിറ്റിക്കും വിജയത്തുടക്കം

10:45 AM 15/09/2016
images (15)
മഡ്രിഡ്​: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. പൊരുതിക്കളിച്ച സ്പോര്‍ട്ടിങ് ലിസ്ബണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മൊഞ്ചന്‍ ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചു. ചാമ്പ്യന്മാരുടെ പകിട്ടോടെയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തെ 47 ആം മിനുട്ടില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ ഞെട്ടിച്ചു. ബ്രൂണോ സെസാറായിരുന്നു സ്കോറര്‍.

മറുപടിക്കായി അവസാന നിമിഷങ്ങളിലേക്ക് കാത്തിരിക്കേണ്ടി വന്നു റയലിന്. എണ്‍പത്തിയൊമ്പതാം മിനുട്ടില്‍ റയല്‍ ആരാധകരുടെ മനസ്സ് നിറച്ച് ക്രിസ്റ്റ്യാനോ ഉദയം കൊണ്ടു. ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാട്ടയുടെ വിജയഗോളും വന്നു. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ വിജയം നേടിക്കൊടുത്തത്. നൈജീരിയന്‍ താരം ഇഹനാചോ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലീസസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്ലബ് ബുര്‍ഗ്ഗെയെ തോല്‍പ്പിച്ചു. റിയാദ് മെഹ്റസിന്റെ ഇരട്ട ഗോളുകളാണ് ലെസസ്റ്ററിന് തുണയായത്. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ജുവന്റസിനെ സെവിയ സമനലയില്‍ തളച്ചപ്പോള്‍ ടോട്ടനമിനെ മൊണാക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.