ന്യൂഡല്‍ഹി: ഇന്ത്യ പാക് ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കി ചാര വിവാദം പുതിയ തലത്തിലേക്ക്. പാകിസ്താനില്‍ ഇന്ത്യന്‍ ചാരനെ പിടികൂടിയതായ ആരോപണം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താനാണ് പാകിസ്താന്‍ നീക്കം നടത്തുന്നത്. നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചാര വിവാദം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പാകിസ്താന്റെ ബാലിശ ആരോപണമെന്ന നിലയിലാണ് വിഷയം പുറത്തുവിട്ടത്.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യക്കാരനായ കുല്‍ഭൂഷന്‍ യാദവ് എന്നയാള്‍ പിടിയിലായ വിവരം പാകിസ്താന്‍ പുറത്തുവിട്ടത്. ഇയാള്‍ ഇന്ത്യന്‍ നാവിക സേനയില്‍ അംഗമാണെന്നും രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും സമ്മതിക്കുന്ന വിഡിയോയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. 2011ലെ ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമണത്തിന് ശേഷമാണ് താന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് ഇറാനില്‍ ചെറിയ ബിസിനസ് ആരംഭിക്കുകയും ഇവിടെ നിന്ന് പാകിസ്താനിലേക്ക് കടക്കുന്നതിനിടെ മാര്‍ച്ച് മൂന്നിനാണ് പിടിയിലായതെന്നും വിഡിയോയില്‍ കുല്‍ഭൂഷന്‍ സമ്മതിക്കുന്നു.
എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഇന്ത്യ ബലപ്രയോഗത്തിലൂടെയാണ് ഇത് പറയിപ്പിച്ചതെന്നാണ് വാദിക്കുന്നത്. ഇന്ത്യന്‍ നേവിയില്‍ ഇയാള്‍ ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും വിരമിച്ചശേഷം സര്‍ക്കാരുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.