ചിക്കാഗോയ്ക്ക് ആവേശമേകി എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-ന്

09:33am 01/7/2016
Newsimg1_44189188
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 24-നു ഞായറാഴ്ച നടക്കും. നൈല്‍സിലെ ഫീല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8000 W.Kathy Lane,Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി കഴിഞ്ഞനാളുകളില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ആവേശം ഉണര്‍ത്തുന്ന കാണികളും, ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന് ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എവര്‍റോളിംഗ് ട്രോഫിയും, വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തുന്നത് ഈവര്‍ഷത്തെ ടൂര്‍ണമെന്റിനു കൂടുതല്‍ ജനപങ്കാളിത്തവും ആവേശവും ഉണര്‍ത്തും.

വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ. സോനു വര്‍ഗീസ് ചെയര്‍മാനായും, പ്രവീണ്‍ തോമസ് കണ്‍വീനറായും, മാത്യു കരോട്ട്, പ്രേംജിത്ത് വില്യംസ്, ജോര്‍ജ് പി. മാത്യു, ജയിംസ് പുത്തന്‍പുരയില്‍, ജേക്കബ് ചാക്കോ എന്നിവര്‍ അക്ഷീണം പ്രയത്‌നിക്കുന്നു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട് എന്നിവരും, റവ.ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. മാത്യു മഠത്തില്‍പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല മാതൃക പുലര്‍ത്തുന്ന ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സോനു വര്‍ഗീസ് (ചെയര്‍മാന്‍) 224 304 9311, പ്രവീണ്‍ തോമസ് (കണ്‍വീനര്‍) 847 769 0050.