ചിക്കാഗോ ഗീതാമണ്ഡലം തറവാട്ട്­ മുറ്റത്ത്­ മനംനിറഞ്ഞു ഓണത്തപ്പന്‍

08:58 pm 22/9/2016

മിനി നായര്‍
Newsimg1_88969456
ചിക്കാഗോ: ജാതിമത ഭേദമില്ലാതെ മലയാളനാട് മുഴുവന്‍ ഒരേപോലെ ആഘോഷിക്കുന്ന ഓണം, എഴാം കടലിനിക്കരെ ഗീതാമണ്ഡലം എന്ന കൂട്ടുകുടുംബം, 38­മത് ഓണം സ്വന്തം തറവാട്ട്­ മുറ്റത്ത്­ കുട്ടികളും വലിയവരും ഒരുമിച്ചു ആടിയും പാടിയും ആര്‍പ്പു വിളികളോടെയും ആഘോഷിച്ചു. പരമ്പരാഗതമായ ആഘോഷങ്ങള്‍ പോലും ഇവെന്റ് മാനേജ്­മന്റ്­ കമ്പനികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കുന്ന ഇക്കാലത്ത്­ ചിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച ഓണാഘോഷം അമേരിക്കയില്‍ ആകമാനം സംസാരവിഷയമാകുന്നു. ഏല്ലാ കുടുംബാംഗങ്ങളെയും ഒരുമിപ്പിച്ചു, ക്ലബുകളിലും, സ്കൂള്‍ ഹാളുകളിലും ആഘോഷിക്കുന്നതിനു പകരം ഗീതാമണ്ഡലം തറവാടില്‍ ഒത്തു ചേരണമെന്ന് നിഷ്കര്‍ഷിച്ചത് ഗീതാമണ്ഡലം പ്രസിഡന്റ്­ ജയ്­ ചന്ദ്രന്‍ തന്നെയായിരുന്നു. തറവാട്ടില്‍ ഒത്തു ചേര്‍ന്ന കുടുംബമേളയായി ഇത്തവണത്തെ മനോഹരമായ ഓണാഘോഷം.

ഉത്രാടരാത്രിയില്‍ കുടുംബാംഗങ്ങള്‍ ഗീതാ മണ്ഡലത്തില്‍ തങ്ങിയാണ് മുന്നൂറ്റി അന്‍പതില്‍ പരം പേര്‍ക്കുള്ള ഓണസദ്യ തയ്യാറാക്കിയത്. ഓണദിനത്തില്‍ ആര്‍പ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റു വിശേഷാല്‍ പൂജകള്‍ ചെയ്തു ഓണാഘോഷത്തിനു തുടക്കമിട്ടു. പൂജകള്‍ക്ക് നേതൃത്വം നല്‍കിയത് ആനന്ദ്­ പ്രഭാകര്‍ ആയിരുന്നു.

ആടിതിമിര്‍ക്കാന്‍ ഊഞ്ഞാലുകളില്ല, കണ്ണാന്തളിപൂക്കള്‍ പറിക്കുവാന്‍ തൊടികളില്ല എന്നൊക്കെ ഒരു വേദനയോടെ ഓര്‍ക്കുന്ന നമുക്ക് ഒരു ഓണസമ്മാനം തന്നെയായിരുന്നു ഗീതാമണ്ഡലം സമ്മാനിച്ചത്­. കുട്ടികള്‍ക്ക് അടിതിമിര്‍ക്കുവാന്‍ ഊഞ്ഞാലുകളും വീടിന്റെ തൊടിയില്‍ വിടര്‍ന്ന പൂക്കളാല്‍ തീര്‍ത്ത പൂക്കളവും നഷ്ടപെട്ട നമ്മുടെ പൈതൃകത്തെ തിരിച്ചു പിടിക്കുന്നവയായിരുന്നു.

ഒരു കുടുംബതിന്റെയല്ല അനേകം കുടുംബങ്ങളുടെ ഒത്തൊരുമയുടെ ഫലമാണ് ഇത്രയും മനോഹരമായ ഒരു ഓണം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്. ഓണം നമുക്ക് വെറുമൊരു ആഘോഷമായിരുന്നില്ല, മറിച്ച് നമ്മുടെ സംസ്കൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് എന്ന ചിന്തയാണ് ഗീതാമണ്ഡലം ഓണം ഇനിയെന്നും തറവാട്ട്­ മുറ്റത്ത്­ എന്ന ആശയം ഒരേസ്വരത്തില്‍ എല്ലാവരും അംഗീകരിച്ചത്.

ഇപ്രാവശ്യത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീകളുടേയും കുട്ടികളുടേയും വലിയതോതില്‍ ഉള്ള പങ്കാളിത്തമായിരുന്നു. ഉത്രാടരാത്രിയില്‍ ഗീതാമണ്ഡലം തറവാട്ടില്‍ താമസിച്ചു കാളനും തോരനും തുടങ്ങി രണ്ടുതരം പായസവും ഉള്‍പ്പെടെ രുചിയേറിയ ഓണസദ്യ തയ്യാറാക്കാന്‍ വൈസ് പ്രസിഡന്റ്­ രമാ നായരുടേയും, രേഷ്മി മേനോന്‍, ജയശ്രീ പിള്ള, മഞ്ജു പിള്ള, മിനി നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളെ സഹായിക്കാന്‍ പുരുഷ അംഗങ്ങളടെയും ഉത്സാഹം കൗതുകം ഉണര്‍ത്തുന്ന കാഴ്ച്ചയായിരുന്നു. ഒറിജിനല്‍ വാഴയിലയില്‍ ഓണസദ്യ വിളമ്പാന്‍ ആള്‍ക്കാരുടെ ഉത്സാഹം ഓണാഘോഷത്തിനു മികവേറ്റി. കേരളത്തില്‍ നിന്നും മൈലുകള്‍ക്ക് ഇപ്പുറത്തു ജനിച്ചു ജീവിക്കുന്ന കുട്ടികള്‍ തങ്ങളുടെ തനതു പാരമ്പര്യവും സംസ്കാരവും ഉയര്‍ത്തി പിടിക്കുവാന്‍ കാണിക്കുന്ന ശുഷ്കാന്തി, കൂട്ടായ്മയുടെ പ്രത്യേകതയും ശക്തിയുമായിരുന്നു. ശ്രീകലയുടെ നേതൃത്വത്തില്‍ വളരെ മനോഹരമായ പൂക്കളം തയ്യാറാക്കിയിരുന്നു. ശ്രീവിദ്യയുടെ ശിക്ഷണത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. പരമ്പരാഗതമായ വേഷങ്ങള്‍ അണിഞ്ഞ് മുല്ലപ്പൂ ചൂടിയ മലയാളി മങ്കമാരും കേരളത്തനിമയാര്‍ന്ന വേഷമണിഞ്ഞ പുരുഷന്മാരും കണ്ണിന് ഇമ്പമാര്‍ന്ന കാഴച്തന്നെ ആയിരുന്നു. ഓണപ്പാട്ടും ആര്‍പ്പുവിളികളും ഉയര്‍ന്നതോടെ മുപ്പത്തിഎട്ടാമത് ഓണാഘോഷത്തിനു മുപ്പത്തിഎട്ടു സ്ത്രീകള്‍ അണിനിരന്ന കൈകൊട്ടികളിയും, പുരുഷന്മാരുടെ “ആലായാല്‍ തറവേണം” എന്ന നൃത്തരൂപവും കാഴ്ച്ചക്കാരെ ആവേശഭരിതരാക്കി. ഡോ. നിഷാ ചന്ദ്രനും ഡോ ഗീതാ കൃഷ്ണനും കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മറുനാടന്‍ മലയാളികളുടെ പതിവ് ആഘോഷങ്ങല്‍ക്കുമപ്പുറം തങ്ങളുടെ സാംസ്­കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതില്‍ ഗീതാമണ്ഡലം അംഗങ്ങള്‍ കാണിക്കുന്ന ശുഷ്കാന്തി പ്രശംസനാര്‍ഹാമാണ്. വീടിന്‍റെ ഉമ്മറത്തും മുറ്റത്തും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞും കളിച്ചും ചിരിച്ചും തമാശകളുമായി നാട്ടിന്പുറത്തിന്റെ മനോഹാരിതയില്‍ സൗഹൃദങ്ങള്‍ പങ്കിടുന്ന കാഴ്ച കണ്ണിന് ഇമ്പമേകുുന്നതായിരുന്നു.

പയസത്തേക്കാള്‍ മധുരം നിറഞ്ഞ ഓര്‍മകളും സമ്മാനിച്ചാണ് ഗീതാമണ്ഡലതിന്റെ മുപ്പതിഎട്ടാമത് ഓണാഘോഷങ്ങള്‍ക്ക് തിരശീല വീണത്­. രാവേറെ ചെന്നിട്ടും പിരിഞ്ഞുപോകുവാന്‍ മടിക്കുന്ന അംഗങ്ങളുടെ പരിശ്രമത്തെ ഇത്രയും മനോഹരമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും പ്രസിഡന്റ്­ ജയ്­ ചന്ദ്രനും, സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേക നന്ദി അറിയിച്ചു. ട്രഷറര്‍ അപ്പുക്കുട്ടന്‍ കാലാക്കല്‍, രമാ നായര്‍, രേഷ്മി ബൈജു, തങ്കമ്മ അപ്പുകുട്ടന്‍, മഞ്ജൂ പിള്ള, ജയശ്രീ പിള്ള, ശ്രീകല, ശിവപ്രസാദ് പിള്ള, സജി പിള്ള, രെവി കുട്ടപ്പന്‍, രവി നായര്‍, ശ്രീകുമാര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ ചടങ്ങുകള്‍ നടന്നത്.