ചിക്കാഗോ മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി

05:59 pm 10/8/2016

ജിമ്മി കണിയാലി
Newsimg1_1008104 (1)
ചിക്കാഗോ: അമേരിക്കയിലെങ്ങും വിവിധ മലയാളി സംഘടനകള്‍ കൂണുപോലെ മുളച്ചുവരുകയും അടുത്ത കാറ്റടിക്കുമ്പോള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, അംഗബലംകൊണ്ടും പ്രവര്‍ത്തനമാഹാത്മ്യംകൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായി ചിക്കാഗോ മലയാളികള്‍ താലോലിച്ചുകൊണ്ടിരുന്ന ആ സ്വപ്നം, അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയുടെ സ്വന്തം ഓഫീസ് കേരളാ ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തെ തുടര്‍ന്ന് മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ പ്രസിഡന്റ് ടോമി അമ്പനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളാ പേ റിവിഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ തന്റെ അനുഭവങ്ങള്‍ സി.എം.എ അംഗങ്ങളുമായി പങ്കുവെയ്ക്കുകയും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തത് ഒരു പ്രത്യേക അനുഭവമായി മാറി.

മുന്‍ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ പി.എ ആയിരുന്ന കെ.കെ. സുരേന്ദ്രന്‍, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കുര്യന്‍ കാരാപ്പള്ളി, അഗസ്റ്റിന്‍ കരിങ്കുറ്റി, ജോണ്‍ ഇലക്കാട്ട്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി വള്ളിക്കളം, സി.എം.എ നിയുക്ത പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ബിജി സി. മാണി സ്വാഗതവും ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് നെല്ലുവേലില്‍ കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് ജെസ്സി റിന്‍സി ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

യോഗ നടപടികള്‍ക്ക് തൊമ്മന്‍ പൂഴിക്കുന്നേല്‍, ഷാബു മാത്യു, സാബു നടുവീട്ടില്‍, ജിമ്മി കണിയാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ഉദ്ഘാടന പരിപാടികള്‍ സമാപിച്ചു.