ചിക്കാഗോ സെന്റ് മേരീസില്‍ പരി. ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍

09:36am 30/7/2016
– ജോണിക്കുട്ടി പിള്ളവീട്ടില്‍
Newsimg1_73964944
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരി. ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് 7 മുതല്‍ 15 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓഗസ്റ്റ് 7-നു ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി മോണ്‍. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടുകര്‍ബാനയെ തുടര്‍ന്ന് കൊടിയേറി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് തിങ്കള്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാന, മാതാവിന്റെ നൊവേന, വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും.

ഓഗസ്റ്റ് 12-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, നൊവേന, ഇടവകയിലെ കൂടാരയോഗങ്ങള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ, കുട്ടികളുടെ ഡാന്‍സ് എന്നിവയുണ്ടായിരിക്കും. ഓഗസ്റ്റ് 13-നു ശനിയാഴ്ച വൈകുന്നേരം 5.30-നു ദിവ്യബലി, നൊവേന, കപ്ലോന്‍വാഴ്ച, സെന്റ് മേരീസ് ഇടവകയും സേക്രട്ട് ഹാര്‍ട്ട് ഇടവകയും അവതരിപ്പിക്കുന്ന സംഗീത-നൃത്ത-ഹാസ്യ സന്ധ്യ, സ്കിറ്റ്, മാജിക് ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 14-നു ഞായറാഴ്ച രാവിലെ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന, തിരുനാള്‍ സന്ദേശം, തിരുനാള്‍ പ്രദക്ഷിണം, വാദ്യമേളം, കഴുന്ന്, അടിമവയ്പ്, ലേലം, സ്‌നേഹവിരുന്നു എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 15-നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സെമിത്തേരിയില്‍ ഒപ്പീസ് തുടര്‍ന്ന് പള്ളിയില്‍ വെച്ച് 7 മണിക്ക് മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് സിറിയക് കൂവക്കാട്ടില്‍ ആന്‍ഡ് ഫാമിലിയാണ്. സാന്നിധ്യംകൊണ്ടും സഹകരണംകൊണ്ടും തിരുനാള്‍ ആചരണം അനുഗ്രഹപ്രദമാക്കുവാന്‍ ഈ കാരുണ്യവര്‍ഷത്തില്‍ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.