ചെന്നയില്‍ മലയാളി ഡോക്ടറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍

12.28 AM 09-05-2016
honour-killing3-810x609
മലയാളി ഡോക്ടറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷന് അടുത്തുള്ള വീട്ടിലാണ് ഡോക്ടര്‍ രോഹിണി പ്രേംകുമാരി(62)യുടെ മൃതദേഹം കണ്ടെത്തിയത്.
വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഡോക്ടര്‍ രോഹിണി പ്രേംകുമാരി കൊല്ലം സ്വദേശിയാണ്. ചെന്നൈ ചെട്ടിലെ വിഎസ് ആശുപത്രിയില്‍ ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്നു ഡോക്ടര്‍. 90 വയസ്സുള്ള അമ്മയോടൊപ്പമായിരുന്നു ഡോക്ടര്‍ താമസിച്ചിരുന്നത്. ഡോക്ടര്‍ രോഹിണിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയിരുന്നു.
വീട്ടില്‍ സഹായത്തിന് വരുന്നയാളാണ് ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഭക്ഷണമൊന്നും കിട്ടാത്തതിനെതുടര്‍ന്ന് ഡോകറുടെ അമ്മ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. കൈ പിന്നില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണുന്നത്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
വീട്ടില്‍നിന്ന് ഒന്നും മോഷണം പോയിട്ടില്ല. അതിനാല്‍ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമല്ലെന്ന് പൊലീസ് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം രാത്രി നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഡോക്ടറുടെ ഒരേയൊരു മകളും ചെന്നൈയില്‍ സ്ഥിരതാമസമാണ്. വീടിന്റെ പരിസരം വിശദമായി പരിശോധിച്ചുവരുകയാണ്. ഡോക്ടര്‍ക്ക് പരിചയമുള്ള ആരെങ്കിലും അകത്ത് കടന്നാണോ കൊലപാതക നടത്തിയത് എന്നും അന്വേഷിക്കുന്നുണ്ട്.