ചെന്നൈ പുനര്‍നിര്‍മ്മാണ പദ്ധതിക്ക് കെ.എച്ച്.എന്‍.എയുടെ സഹായഹസ്തം

01.27 AM 17-07-2016
KHNA_reliffund_pic
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: പ്രകൃതിദുരന്തത്തിന്റെ ആഘാതത്തില്‍ ചെന്നൈ നഗരത്തില്‍ സമ്പൂര്‍ണ്ണമായി നശിച്ച പാര്‍പ്പിടങ്ങളുടേയും, സ്‌കൂളുകളുടേയും, തെരുവുകളുടേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എച്ച്.എന്‍.എ സമാഹരിച്ച സഹായധനം പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സേവാ ഇന്റര്‍നാഷണല്‍ മിഷിഗണ്‍ പ്രതിനിധി വെങ്കിടേശിന് കൈമാറി.
അമേരിക്കയിലും ഇന്ത്യയിലുമായി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കെ.എച്ച്.എന്‍,എയുടെ മിഷിഗണ്‍ ശാഖ ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സഹായധനം കൈമാറിയത്. ഹെയ്തിയിലേയും, നേപ്പാളിലേയും, ചെന്നൈയിലേയും, കേരളത്തിലേയും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതിമത ഭേദമെന്യേ മലയാളി സമൂഹം നല്‍കിവരുന്ന സഹകരണം മാതൃകാപരമാണെന്നു സുരേന്ദ്രന്‍ നായര്‍ തന്റെ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. ചെന്നൈ നഗരിയുടെ അതിവേഗ പുനര്‍നിര്‍മ്മാണങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടൊപ്പം പങ്കുചേര്‍ന്ന ഒട്ടനവധി പ്രവാസി കൂട്ടായ്മകളെ വെങ്കിടേശ് പ്രത്യേകം അഭിനന്ദിച്ചു.
രണ്ടു ഘട്ടങ്ങളിലായി പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്കുവേണ്ടി ധനസമാഹരണം നടത്തിയത് ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറര്‍ സുദര്‍ശനകുറുപ്പ്, യൂത്ത് ചെയര്‍ ശബരി സുരേന്ദ്രന്‍, രാജേഷ് നായര്‍, സുനില്‍ പൈങ്കോള്‍, ശ്രീകുമാര്‍ കമ്പത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. മിഷിഗണ്‍ ശാഖാ സെക്രട്ടറി പ്രസന്ന മോഹന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മനോജ് കൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.