ചൈനയിലേക്ക് സൗദിയില്‍ നിന്ന് നാലര മില്യണ്‍ ടണ്‍ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ട്.

02:00 pm 25/07/2016
download (5)
റിയാദ്: ജൂണ്‍ മാസത്തെ കണക്കാണിത്. ചൈനക്ക് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ നല്‍കുന്ന രാജ്യമെന്ന സ്ഥാനം സൗദി ഇതോടെ തിരിച്ചു പിടിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി റഷ്യയായിരുന്നു ചൈനക്ക് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ നല്‍കിയിരുന്നത്. എണ്ണ വില കൂപ്പു കുത്തിയതോടെയാണ് സൗദിയുടെ വിതരണത്തില്‍ കുറവു വന്നത്. ഇത് നികത്തിയാണ് ജൂണില്‍ സൗദി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുന്നത്. 1.112 ദശലക്ഷം ബാരലാണ് പ്രതിദിനം സൗദി ചൈനക്ക് നല്‍കുന്നത്. മേയില്‍ ഇത് 9,61,000 ബാരലായിരുന്നു. 2015 മുതലാണ് ചൈനയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ റഷ്യന്‍ കമ്പനികള്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. സൗദിക്ക് പുറമെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയും ചൈന തുടരുന്നുണ്ട്. 9,99,420 ബാരലാണ് ചൈന ദിനം പ്രതി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പുറമെ ഇറാനില്‍ നിന്ന് 7,80,175 ബാരല്‍ അസംസ്കൃത എണ്ണയും ചൈന ജൂണില്‍ വാങ്ങിയിട്ടുണ്ട്. കുവൈത്ത്, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നും ചൈന എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യമായ ചൈന സൗദിയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് വിപണിയില്‍ പുത്തനുണര്‍വുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.