ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന വിമാനമിറക്കി

02.09 AM 04/11/2016
C_17_0311
ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന വിജയകരമായി വിമാനമിറക്കി. അരുണാചൽ പ്രദേശിലെ മെച്ചുക അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിലാണ് വ്യോമസേന സി–17 ഗ്ലോബ് മാസ്റ്റർ വിമാനം ലാൻഡ് ചെയ്തത്. ഇന്ത്യയുടെ പ്രതികരണ ശക്‌തി ചൈനയെ ബോധ്യപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. 150ൽ അധികം ആളുകളെ വഹിക്കാൻ കഴിയുന്ന വിമാനമാണ് സി–17 ഗ്ലോബ് മാസ്റ്റർ.

അന്താരാഷ്ട്ര അതിർത്തിയോടു വളരെ അടുത്താണ് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട്. ചൈനാ അതിർത്തിയിലേക്ക് ഇവിടെനിന്നു വെറും 29 കിലോമീറ്ററാണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 6,200 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന മെച്ചുകയിൽ ഇതാദ്യമായാണ് ഒരു വിമാനം ഇറങ്ങുന്നത്. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടായാൽ സൈന്യത്തെ എല്ലാ ഭാഗങ്ങളിലേക്കും അതിവേഗത്തിൽ ഇവിടെനിന്നു വിന്യസിക്കാൻ കഴിയും. മെച്ചുക ടൗണിൽനിന്നു 40 കിലോമീറ്റർ മാത്രം അകലെയാണ് ഇന്ത്യ–ചൈന രാജ്യങ്ങളുടെ തർക്കവിഷമായ മക്മോഹൻ ലൈൻ.

തൊഴിലുറപ്പ് പദ്ധതി പ്രകാരം ചൈനീസ് അതിർത്തിയിൽ കനാൽ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനമിറക്കൽ. ലേ നഗരത്തിന് 250 കിലോമീറ്റർ കിഴക്കുമാറി ദെംചോക്കിലാണ് കനാൽ നിർമാണത്തിലേർപ്പെട്ട തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞത്.