ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ

11:55 AM 21/09/2016
download (4)
മെഹബൂബ നഗർ: അമിതവേഗതയിലോടിച്ച കാറിടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവർ കാർ ഓടിച്ചത് മൂന്നുകിലോമീറ്ററോളം ദൂരം. തെലങ്കാനയിലെ മെഹബൂബ നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുർണൂലിൽ നിന്നും വന്ന ചുവന്ന ഷെവർലെ കാറാണ് അപകടത്തിടയാക്കിയത്.

ശ്രീനിവാസലു എന്ന 38കാരനായ തൊഴിലാളി മെഹബൂബ നഗർ ബസ് സ്റ്റാന്‍റ് പരിസരത്ത് റോഡ് മുറിച്ചു കടക്കവെയാണ് 8.30 ഓടെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ശ്രീനിവാസലു മുകളിലേക്ക് തെറിക്കുകയും കാറിന്‍റെ മുകൾഭാഗത്ത് വീഴുകയുമായിരുന്നു.

അപകടത്തിന് ശേഷം വാഹനം നിറുത്തുന്നതിന് പകരം കൂടുതൽ വേഗത്തിൽ വണ്ടിയോടിച്ച് പോകുകയായിരുന്നു ഡ്രൈവർ. ശ്രീനിവാസലുവിന്‍റെ രക്തം കാറിന്‍റെ വിൻഡ്സ്ക്രീനിലേക്ക് ഒഴുകിയെത്തുമ്പോഴും കാർ നിറുത്താൻ ഡ്രൈവർ തയ്യാറായിരുന്നില്ല. ചില ബൈക്ക് യാത്രികർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് കാർ നിറുത്തിച്ചത്.

നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞപ്പോൾ കാർ നിറുത്തിയ ഡ്രൈവർ കാറുപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഹൈദരാബാദിലെ വ്യവസായിയായ കിസ്തപതി ചന്ദ്രകലയുടെ ഉടമസ്ഥതയിലുള്ള കാർ രാജശ്രീ റെഡ്ഢിയാണ് ഓടിച്ചിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.