ഛഗന്‍ ഭുജ്ബല്‍: ; ഫോട്ടോ വൈറലാകുന്നു

05:40pm 25/04/2016
Cg3aSVnUgAAif5H
മുംബൈ: കള്ളപ്പണ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബലിന്റെ ആശുപത്രി വാസത്തിന്റെ ഫോട്ടോ പുറത്ത്. അറസ്റ്റിലായി ആറാഴ്ച കഴിഞ്ഞ ശേഷം പുറത്തുവന്ന ഫോട്ടോയില്‍ ഭുജ്ബലിന് വളരയെധികം മാറ്റങ്ങള്‍ ദൃശ്യമാണ്. മുംബൈ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം ഒരു വീല്‍ചെയറില്‍ ഇരിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നത്. വെളുത്ത താടിയും മുടിയും അടഞ്ഞ കണ്ണുകളും അലസമായ വസ്ത്രധാരണവും കാണിക്കുന്നതാണ് പുതിയ ഫോട്ടോ. നെഞ്ചു വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍ നിര്‍മാണം, വിദ്യാഭ്യാസ ട്രസ്റ്റിന് നഗരത്തിലെ കലീനയില്‍ ഭൂമി അനുവദിച്ചത് എന്നിവയിലൂടെ നേടിയ പണം വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഭുജ്ബലിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യാണ് അഴിമതി കേസുകള്‍ അന്വേഷിക്കുന്നത്.

മുംബൈ, നവി മുംബൈ, നാസിക് എന്നിവിടങ്ങളിലുള്ള ഭുജ്ബലിന്റെ ഓഫീസുകളിലും വീടുകളിലും ഫാം ഹൗസുകളിലും റെയ്ഡ് നടത്തിയ എ.സി.ബി, കേസുമായി ബന്ധപ്പെട്ട രേഖകളും ആഭരണങ്ങളും കണ്ടെടുത്തിരുന്നു. എ.സി.ബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭുജ്ബലിനും മകനും എം.എല്‍.എയുമായ പങ്കജ് ഭുജ്ബലിനും സഹോദര പുത്രനും മുന്‍ എം.പിയുമായ സമീര്‍ ഭുജ്ബലിനും മറ്റ് 14 പേര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുകയായിരുന്നു. 62ഓളം വ്യാജ കമ്പനികളിലൂടെ 800 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.