ജനുവരി ഒന്നിന് യു.എ.ഇയില്‍ പൊതു അവധി

11:11 am 21/12/2016
download (4)
ദുബായ്: പുതുവര്‍ഷം പ്രമാണിച്ച്‌ ജനുവരി ഒന്നിന് യു.എ.ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും അവധി ബാധകമായിരിക്കും. യു.എ.ഇ മാനവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ.
ദുബായിലാണ് ഏറ്റവുമധികം ആഘോഷ പരിപാടികള്‍ അരങ്ങേറുക. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലുമാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഏറ്റവുമധികം പേര്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് അടക്കമുള്ളവ ബുര്‍ജ് ഖലീഫയില്‍ ഉണ്ടാകും.
കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷത്തില്‍ അഡ്രസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

ദുബായില്‍ പാ ജുമേറ, ക്രീക്ക്, ജുമേറ ബീച്ച്‌, അറ്റ്ലാന്റിസ് തുടങ്ങിയ ഇടങ്ങളിലും പുതുവത്സര ആഘോഷങ്ങള്‍ ഉണ്ടാകും. ഷാര്‍ജയില്‍ അല്‍ജജാസ് വാട്ടര്‍ ഫ്രണ്ട്, ബീച്ച്‌ എന്നിവിടങ്ങളില്‍ ആഘോഷങ്ങളുണ്ടാകും.
അബുദാബി കോര്‍ണീഷില്‍ വെടിക്കെട്ടും കലാപരിപാടികളും അരങ്ങേറും. ദുബായില്‍ മെട്രോ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും. പുതുവത്സരം ആഘോഷിക്കുന്നവരുടെ യാത്രാസൗകര്യം കണക്കിലെടുത്താണിത്. വരും ദിവസങ്ങളില്‍ യു.എ.ഇയിലെ പുതുവത്സരാഘോഷത്തിന്റെ കൂടുതല്‍ ചിത്ര തെളിയും.