ജപ്പാനിൽ മാനസിക രോഗികൾക്ക് നേരെ കത്തി ആക്രമണം; 19 മരണം

11:31am 26/07/2016
images
ടോക്കിയോ: ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ കത്തി ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേരുടെ നില ഗുരുതരം. ടോക്കിയോക്ക് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെ സാഗമിഹാര നഗരത്തിലാണ് സംഭവം. മാനസിക രോഗികൾ ചികിത്സയിൽ കഴിയുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു.

മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ 26കാരനായ സതോഷി എമാഷുവാണ് കൂട്ടകൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകം നടത്തിയ താനാണെന്ന് യുവാവ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 2.30ഒാടെ കത്തിയുമായി കേന്ദ്രത്തിനുള്ളിൽ കയറിയ അക്രമി അന്തേവാസികളെ കടന്നാക്രമിക്കുകയായിരുന്നു.

യുവാവ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കാറിൽ നിന്ന് കണ്ടെടുത്തു. ദാരുണ സംഭവത്തെ തുടർന്ന് ഭിന്നശേഷിക്കാരുടെ കേന്ദ്രത്തിലെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു.

മാനസിക രോഗികളടക്കം ഭിന്നശേഷിക്കാരെ സംരക്ഷിക്കാനായി ഷാങ്ഹായി നദീ തീരത്ത് പ്രാദേശിക സർക്കാരാണ് പ്രത്യേക പുനരധിവാസ കേന്ദ്രം സ്ഥാപിച്ചത്. 19 മുതൽ 75 വയസുവരെ പ്രായമുള്ള 149 പേരാണ് കേന്ദ്രത്തിൽ കഴിയുന്നത്. ഇതിൽ 40 പേർ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഏഴര ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കെട്ടിട സമുച്ചയത്തിൽ നീന്തൽകുളം, ജിംനേഷ്യം, മെഡിക്കൽ ക്ലീനിക് അടക്കമുള്ളവയാണ് പ്രവർത്തിക്കുന്നത്.