ജമ്മുകശ്​മീരിൽ ഭീകരാക്രമണം; എട്ട്​ ജവാന്മാര്‍ കൊല്ലപ്പെട്ടു

07:58am 26/6/2016
images (1)

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാരടക്കം എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.

പാംപോര്‍ നഗരത്തില്‍ ശനിയാഴ്ച വൈകീട്ട് 4.45ന് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ശ്രീനഗറിലേക്ക് പോവുകയായിരുന്ന സേനാസംഘത്തെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 161ാം ബറ്റാലിയന്‍ സൈന്യത്തിനുനേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഉടന്‍ തിരിച്ചടിച്ച സൈന്യവുമായി ദീര്‍ഘനേരം ഏറ്റുമുട്ടല്‍ തുടര്‍ന്നു. പരിക്കേറ്റ സൈനികരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എട്ടുപേര്‍ മരണത്തിന് കീഴടങ്ങി. രണ്ട് തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് തീവ്രവാദികള്‍ ശ്രീനഗര്‍ ഭാഗത്തേക്ക് കാറില്‍ രക്ഷപ്പെട്ടതായി സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്. തീവ്രവാദികള്‍ രക്ഷപ്പെടാതിരിക്കാന്‍ സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.

തീവ്രവാദികളുടെ ആക്രമണത്തില്‍ സൈനികര്‍ സഞ്ചരിച്ച ബസിലുടനീളം ബുള്ളറ്റ് പതിച്ചു. ഭൂരിപക്ഷം സൈനികര്‍ക്കും പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയിലത്തെിച്ചു.ലശ്കറെ ത്വയ്യിബയില്‍പെട്ടവരാകാം ഭീകരരെന്ന് സുരക്ഷാവിഭാഗം സൂചിപ്പിച്ചു. ശ്രീനഗറിന് സമീപം പന്താചൗക് ഭാഗത്ത് പരിശീലനത്തിനുശേഷം മടങ്ങുകയായിരുന്നു സൈന്യം.

ഈ മാസം ശ്രീനഗര്‍- ജമ്മു ദേശീയപാതയിലുണ്ടാകുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. ജൂണ്‍ മൂന്നിന് ബി.എസ്.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികള്‍ കൊല്ലപ്പെട്ടിരുന്നു. ലശ്കറെ ത്വയ്യിബ ഇതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
മരിച്ച സൈനികരുടെ കുടുംബങ്ങളെ ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയും മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും അനുശോചനം അറിയിച്ചു.