ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം

09:35 am 3/10/2016
images (4)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. ഒരു ബി.എസ്.എഫ്. ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ജബന്‍സ്പോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിനുനേരെ വെടിവെപ്പുണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വെടിവെപ്പ് തുടങ്ങിയത്. ഉടന്‍തന്നെ ബി.എസ്.എഫ് ജവാന്‍മാര്‍ ഭീകരര്‍ക്കുനേരെ പ്രത്യാക്രമണം തുടങ്ങിയെന്ന് ശ്രീനഗറിലെ പതിനഞ്ചാം കോര്‍പ്സ് വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി ദിവസങ്ങള്‍ക്കകമാണ് ഭീകരര്‍ വീണ്ടും സൈനിക ക്യാമ്പ് ആക്രമിച്ചത്.

രണ്ടാഴ്ച മുമ്പ് ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്.