ജയന്തനെ സസ്‌പെന്‍ഡ് ചെയ്തു; കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ല

07:33 am 5/11/2016
Newsimg1_23110239

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണ വിധേയരായ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തനെയും ബിനീഷിനെയും സി.പി.എം പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയിലെ അത്താണി ലോക്കല്‍ കമ്മിറ്റിയില്‍ മിണാലൂര്‍ ബ്രാഞ്ച് അംഗങ്ങളാണ്. പാര്‍ട്ടിതല അന്വേഷണത്തിനുശേഷം ജയന്തന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നത് തീരുമാനിക്കും.

ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരായ നടപടി ചര്‍ച്ച ചെയ്തത്. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും കൗണ്‍സിലര്‍ സ്ഥാനം രാജിവെപ്പിക്കണമെന്നും അഭിപ്രായം ഉയര്‍ന്നെങ്കിലും സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ട്ടിതല അന്വേഷണത്തിനുമാണ് ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് ശിപാര്‍ശ ചെയ്തത്. വൈകീട്ട് മൂന്നോടെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ശിപാര്‍ശ അംഗീകരിച്ചത്.

വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ആരോപണങ്ങള്‍ അന്വേഷിക്കും. കുറ്റം തെളിഞ്ഞാല്‍ സംരക്ഷിക്കില്‌ളെന്നും ആരോപണം കണക്കിലെടുത്താണ് സസ്‌പെന്‍ഡ് ചെയ്തതെന്നും തീരുമാനം വിശദീകരിച്ച് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച സ്ത്രീയെപ്പറ്റിയും അന്വേഷിക്കേണ്ടതാണെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. സ്ത്രീ കഴിഞ്ഞ ഒമ്പതുവര്‍ഷമായി മക്കളെ നോക്കാത്തവരാണെന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പശ്ചാത്തലവും പരിശോധിക്കപ്പെടണം. ജയന്തനെതിരായ ആരോപണം സി.പി.എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് സംശയിക്കണം. കുറ്റവാളികളെ സംരക്ഷിക്കില്ല; നിരപരാധികളെ ശിക്ഷിക്കാനും കൂട്ടുനില്‍ക്കില്ല. ഇതിനേക്കാള്‍ വലിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ജവം കാണിച്ച പാര്‍ട്ടിയാണ് സി.പി.എം.