ജയലളിതക്ക് ശ്വാസതടസ്സത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്ന് അപ്പോളോ ആശുപത്രി

09:30 pm 8/10/2016

download (1)

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ശ്വാസതടസ്സത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. മുഖ്യമന്ത്രി വിദഗ്ദ്ധ സംഘത്തിൻെറ നിരീക്ഷണത്തിന് കീഴിൽ തുടരുകയാണ്. ജയയുടെ ശ്വാസകോശ പ്രവർത്തനം നിരീക്ഷിക്കുകയും സാധാരണതലത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുകയുമാണെന്ന് അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബ്ബയ്യ വിശ്വനാഥൻ പത്രക്കുറിപ്പിൽ അറിയിച്ചു. സപ്പോർട്ടീവ് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവയടക്കം അടക്കം ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്.

സെപ്റ്റംബർ 22നാണ് പനിയും നിർജലീകരണം കാരണം 68കാരിയായ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നതായും എന്നാൽ ആശുപത്രിവാസം തുടരേണ്ടിവരുമെന്നും അപ്പോളോ അധികൃതർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു, കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, എം.ഡി.എം.കെ സ്ഥാപകൻ വൈകോ എന്നിവർ ആശുപത്രിയിൽ ജയലളിതയെ സന്ദർശിച്ചിരുന്നു.