ജയലളിതയുടെ സത്യപ്രതിജ്‌ഞ നാളെ,

12:29pm 22/5/2016
download (8)
തമിഴ്നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. 28 മന്ത്രിമാരും ജയലളിതക്കൊപ്പം അധികാരമേല്‍ക്കുമെന്നാണ് സൂചന. 98 സീറ്റുമായി ശക്തമായ പ്രതിപക്ഷമായി ഡിഎംകെ സഖ്യം ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
എഐഎഡിഎംകെ ഒറ്റക്ക് ഒരു വശത്ത് 10 പാ‍ര്‍ട്ടികള്‍ എതിര്‍വശത്ത്. അങ്ങനെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ജയലളിത നേടിയ 134 സീറ്റ് കഴിഞ്ഞാല്‍ ബാക്കി നേടിയത് മുഴുവന്‍ ഡിഎംകെ സഖ്യമാണ്. 41 സീറ്റ് ചോദിച്ച് വാങ്ങിയ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത് 8 സീറ്റ് മാത്രമാണ്. ഇത്രയധികം സീറ്റ് കോണ്‍ഗ്രസിന് നല്‍കാതെ ഡിഎംകെ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ വിജയിക്കുമായിരുന്നുവെന്ന് ഇപ്പോള്‍ തന്നെ ഡിഎംകെയില്‍ അഭിപ്രായം ഉണ്ട്. ഒരു സീറ്റ് പോലുംനേടാന്‍ കഴിയാതിരുന്ന വിജയകാന്തിന്റെ ഡിഎംഡികെ പാട്ടാളി മക്കള്‍ കക്ഷി എംഡിഎംകെ തുടങ്ങിയ പാര്‍‍ട്ടികള്‍ക്കാണ് നിലനില്‍പ്പില്ലാതെ ആയത്. സ്വയം മുഖ്യമന്തരി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഒറ്റയ്‍ക്കു മത്സരിച്ച അന്പുമണി രാംദോസിന് എംപി സ്ഥാനം ഉണ്ടെന്നതാണ് ആശ്വാസം. പാര്‍‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ വിജയകാന്ത് പാടുപെടും. 29 സീറ്റ് ഉണ്ടായിരുന്ന കാലത്ത് തന്നെ എംഎല്‍എമാരുടെയും നേതാക്കളുടെയും ചോര്‍ച്ച തടയാന്‍ വിജയകാന്തിന് ആയിരുന്നില്ല, ഇനി കൂടുതല്‍ പേര്‍ പാര്‍ടി വിട്ട് പോകുമെന്ന് ഉറപ്പ്. സിപിഎമ്മും സിപിഐയും പ്രസക്തിയില്ലാത്തവരായി. വൈക്കോയെ തെരഞ്ഞെടുപ്പിന് ശേഷം കാണാനേയില്ല. ദളിത് പാ‍ര്‍ട്ടിയായ വിസികെയുടെ നേതാവ് തിരുമാവലവന്‍ മാത്രമാണ് ജയിക്കുമെന്ന പ്രതീതി ഉയര്‍ത്തിയത്. 87 വോട്ടിനാണ് അദ്ദേഹം കാട്ടുമണ്ണാര്‍കോവിലില്‍ തോറ്റത്. അതേ പേരിലുള്ള അപരന്‍ നേടിയ 289 വോട്ടാണ് തിരുമാവലവനെ തോല്‍പ്പിച്ചത്. ഇനി അഞ്ച് വര്‍ഷത്തിന് അപ്പുറം ഇവരില്‍ എത്ര പേര്‍ സജീവമായി സംസ്ഥാനത്ത് ഉണ്ടാകുമെന്നതാണ് ചോദ്യം.