ജയലളിത ആശുപത്രിയിൽ

08:50 AM 23/09/2016
images (2)
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിർജലീകരണവും മൂലം ചെന്നൈ അപ്പോളൊ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയെ പ്രത്യേക വാർഡിലേക്ക് മാറ്റി.

ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. 68കാരിയായ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമാ‍യ എം. കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയയുടെ ആരോഗ്യനിലയെകുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യഥാർഥ വിവരം പുറത്തുവിടാൻ അണ്ണാ ഡി.എം.കെ തയാറായിരുന്നില്ല.

സെക്രട്ടറിയേറ്റിലെ ഒാഫീസിൽ പോകാതെ ഒൗദ്യോഗിക വസതിയിൽ ഇരുന്നു കൊണ്ടാണ് ഭരണകാര്യങ്ങൾ ജയലളിത നിയന്ത്രിച്ചിരുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയ ജയലളിത മന്ത്രിമാരെ കൂട്ടമായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് ചടങ്ങുകൾ വേഗത്തിൽ അവസാനിപ്പിച്ചിരുന്നു. സ്വാതന്ത്ര്യദിന ചടങ്ങിലും ജയയെ ക്ഷീണിതയായി കാണപ്പെട്ടു. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതും സ്വാതന്ത്ര്യദിന സന്ദേശം നൽകിയതും കസേരയില്‍ ഇരുന്നു കൊണ്ടാണ്.

അനധികൃത സ്വത്തു സമ്പാദന കേസിൽ കോടതി പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ജയലളിത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുകയായിരുന്നു.