ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്

10:37 am 1/10/2016
images (7)
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവതിക്കെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ് ഇട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ എ.ഐ.ടി.എം.കെ ഐടി വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതെന്ന് ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസാണ് ജയലളിതയുടെ മരണത്തിന് പിന്നിലെന്നും തമിഴ്ാച്ചി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. സ്വാതി കൊലക്കേസ്, ഹൊസൂര്‍ വിഎച്ച്പി നേതാവ് സൂരിയുടെ കൊലപാതകേസ്, ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ ശശികുമാറിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങളും പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്.ഈ സംഭവങ്ങളിലെല്ലാം മുസ്‌ലിംകളെ കുറ്റപ്പെടുത്തി കലാപം ഇളക്കി വിടാന്‍ ശ്രമം നടന്നതായും ജയലളിത ഇതിന് എതിരു നിന്നതിനാല്‍ ഇല്ലാതാക്കുകയായിരുന്നുവെന്നുമാണ് തമിഴാച്ചി ആരോപിച്ചത്. ജയലളിതയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറി തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിക്കപ്പെടുന്നുണ്ട്.