08.40 PM 11-08-2016
റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്.ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്കുന്ന പരാതികള്‍ ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ക്ക് കൈമാറി നടപടിയെടുക്കാന്‍ വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കിയേ തീരൂ.
സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന്‍ ജയസൂര്യയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നു. ജയസൂര്യയെ പോലുള്ള പ്രശസ്ത താരങ്ങളും നിര്‍മ്മാതാക്കളും സ്വയം മുന്നിട്ടിറങ്ങിയും തങ്ങളുടെ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടും ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണ അവര്‍ക്കുണ്ടാകും എന്നും വിശ്വസിക്കുന്നു.