08:10am 04/06/2016
പാരിസ്/ബര്‍ലിന്‍: വെള്ളപ്പൊക്കക്കെടുതിയിലമര്‍ന്ന് ഫ്രാന്‍സും ജര്‍മനിയും. കഴിഞ്ഞ ഒരാഴ്ചയായി ഈ രാജ്യങ്ങളില്‍ ശക്തമായ കാറ്റും മഴയും നാശംവിതക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മനിയില്‍ എട്ടുപേരും കനത്ത മഴക്കു മുമ്പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ ഒമ്പതുപേരും മരിച്ചു. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ പല മേഖലകളിലും ഫ്രാന്‍സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരങ്ങള്‍ വീടുവിട്ടു. മെട്രോലൈനും സ്കൂളുകളും അടച്ചു. ആളുകള്‍ കെട്ടിടത്തിന്‍െറ ടെറസില്‍ കുടുങ്ങി. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചു. 100 വര്‍ഷത്തിനുശേഷം ഫ്രാന്‍സ് അനുഭവിക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കമാണിത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സീന്‍ നദിക്കു സമീപമുള്ള ലൂവ്റെ മ്യൂസിയം അടച്ചു. സീന്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മ്യൂസിയത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ വിലമതിക്കാനാകാത്ത അമൂല്യവസ്തുക്കള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി. ഇവിടെനിന്ന് ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു.അമൂല്യങ്ങളായ ചിത്രങ്ങളും ശില്പങ്ങളും മ്യൂസിയത്തിലെ ഭൂഗര്‍ഭ അറകളിലേക്കാണ് മാറ്റുന്നത്. നദിക്ക് എതിര്‍വശമുള്ള മ്യൂസീ ദ ഒര്സെയും അടച്ചിട്ടുണ്ട്. ആറു മീറ്റര്‍ ഉയരത്തിലാണ് നദി കരകവിഞ്ഞൊഴുകുന്നത്. ദുരിതബാധിത മേഖലകളില്‍ സഹായമെത്തിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രഖ്യാപിച്ചു.ഫ്രാന്‍സില്‍ 65 കാരനെ ഒഴുക്കില്‍പെട്ട് മരിച്ചനിലയില്‍ കണ്ടെത്തി.
മൂന്നു ദിവസമായി ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. 19,000ത്തിലേറെ വീടുകളിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നദീതീരങ്ങളില്‍ താമസിക്കുന്ന 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കമേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുകയാണ്.തെക്കന്‍ ജര്‍മനിയില്‍നിന്ന് നിരവധി നഗരങ്ങള്‍ ഒഴിപ്പിച്ചു. ബെല്‍ജിയം, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നീ രാജ്യങ്ങളിലേക്കും ദുരിതം വ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനിടെ കനത്ത മഴക്കു സാധ്യതയുണ്ടെന്ന് ജര്‍മനിയിലെയും ഫ്രാന്‍സിലെയും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്കി