ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാളും, കരുണാവര്‍ഷ തീര്‍ത്ഥാടനവും സെപ്തംബര്‍ മൂന്നിന്

11:45 am 26/8/2016

– ­ജോസ് മാളേയ്ക്കല്‍
Newsimg1_61707228
ഫിലഡല്‍ഫിയ: ആഗോള സഭ 2015 ഡിസംബര്‍ 8 മുതല്‍ 2016 നവംബര്‍ 20 വരെ ദൈവികകരുണയുടെ പ്രത്യേക ജൂബിലിവര്‍ഷമായി ആചരിക്കുന്ന പശ്ച്ചാത്തലത്തില്‍ ഫിലാഡല്‍ഫിയാ സീറോമലബര്‍ ഫൊറോനാപള്ളിയില്‍ നിന്നും ദണ്ഡവിമോചനപ്രാപ്തിക്കുതകുന്ന കരുണയുടെ പ്രാത്യേക കവാടം സ്ഥിതിചെയ്യുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മരിയ ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്നു. 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച്ചയാണു ജര്‍മ്മന്‍ടൗണിനു തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തീര്‍ത്ഥാടനവും വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളും ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിനു നേതൃത്വം നല്‍കുന്നത്.
തുടര്‍ച്ചയായി ഇതു അഞ്ചാംവര്‍ഷമാണ് മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയ ഭക്തരെയും വിശ്വാസികളെയും തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. കാള്‍ പീബറും സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയാ സീറോ മലബാര്‍പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലെ തിരുനാളുകള്‍ക്ക് ഭാരതക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും കൂടാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിനു ആള്‍ക്കാര്‍ പങ്കെടുത്തിക്കുന്നു. ഉള്ളവരും, ഇല്ലാത്തവരും സാധുഹൃദയരും, ദീനരും, അശരണരും, തെറ്റുക്കുറ്റക്കാരം, പശ്ചാത്തപിക്കുന്നവരും, അന്യായ പലിശക്കാരും, അവസരവാദികളും, പരദൂഷണക്കാരും ഒരേപോലെ പൊറുതി യാചിച്ചക്കാന്‍ തേടിയെത്തുന്നത് മാതൃസന്നിധിയിലാണല്ലോ.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ടു പിതാവാണ് ഈ വര്‍ഷത്തെ മുഖ്യകാര്‍മ്മികന്‍. റവ. കാള്‍ പീബര്‍, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ഷാജി സില്‍വ, റവ. ഫാ. സജി മുക്കൂട്ട് എന്നിവര്‍ സഹകാര്‍മ്മികരാവും.

സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ് വാര്‍ഡു കൂട്ടായ്മയും, വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് നടത്തുന്ന ഈ തിരുനാളില്‍ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ മരിയഭക്തര്‍ക്കു സുവര്‍ണാവസരം. ഇന്ത്യന്‍­ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍ ആഗസ്റ്റ് 28 ഞായറാഴ്ച്ച തിരുനാളിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, ദിവ്യബലിയില്‍ പങ്കെടുത്ത് മരിയഭക്തരെ തിരുനാളിലേക്ക് ക്ഷണിക്കുന്നതിനുമായി സീറോമലബാര്‍ പള്ളിയില്‍ സന്നിഹിതനായിരിക്കും.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സെ. മേരീസ് വാര്‍ഡ് പ്രസിഡന്റ് ബിനു പോള്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ്, എന്നിവരും വാര്‍ഡു കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. പെരുന്നാളില്‍ പങ്കെടുക്കാന്‍ താല്‍ര്യമുള്ളവര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍ നിന്നും അന്നേദിവസം മൂന്നു മണിക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി 916 803 5307, റവ. ഫാ. കാള്‍ പീബര്‍ 215 848 1010, ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, ടോം പാറ്റാനി, ബിനു പോള്‍, ജോസ് തോമസ്

റിപ്പോര്‍ട്ട്: ­ജോസ് മാളേയ്ക്കല്‍