ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമ്മേളനം 29-ന്

01.02 Am 15-07-2016
pravin_news_pic
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ‘ജസ്റ്റീസ് ഫോര്‍ പ്രവീണ്‍’ എന്ന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 29 ന്, വെള്ളിയാഴ്ച ഒരുമണിക്ക് ഷിക്കാഗോയിലെ ഡെയ്‌ലി പ്ലാസയില്‍ വച്ച് നടത്തപ്പെടുന്ന പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്ത്, പ്രവീണിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതില്‍ അധികാരികള്‍ വരുത്തിയ വീഴ്ച്ചയിലും, നീതിനിഷേധത്തിലും നമ്മുടെ സമൂഹത്തിന്റെ അമര്‍ഷം ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുവാന്‍ എല്ലാ വിഭാഗീയതകളും മാറ്റിവച്ച് നാം ഒറ്റക്കെട്ടായി അണിചേരണം എന്നു വിനീതമായി അപേക്ഷിക്കുന്നു. നമ്മുടെ മഹത്തായ സാംസ്‌കാരികപൈതൃകത്തില്‍ ഉറച്ചു നിന്നുകൊണ്ട് പ്രവാസഭൂവില്‍ നമ്മുടെ ഐക്യം പ്രകടിപ്പിക്കുവാനും, പ്രവീണിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുവാനും ഏകമനസ്സോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ഓര്‍ക്കുക.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി തങ്ങളുടെ പൊന്നുമകന്റെ അകാല വേര്‍പാടിന്റെ കാരണം അന്വേഷിച്ചു അധികാരികള്‍ക്ക് മുന്‍പില്‍ സന്ധിയില്ലാ സമരം ചെയ്യുന്ന പ്രവീണിന്റെ മാതാപിതാക്കള്‍ക്കുണ്ടായ ദുരനുഭവം ഇനിയൊരു കുടുംബത്തിനും ഉണ്ടാവാതിരിക്കണമെങ്കില്‍ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചേ മതിയാകു.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയങ്ങളില്‍ അരങ്ങേറുന്ന ചെണ്ടമേളങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതല്ല നമ്മുടെ സാംസ്‌കാരിക ബോധം. കഠിനാധ്വാനത്തിലൂടെ നേടിയ സാമ്പത്തിക ഭദ്രതയില്‍ അഭിരമിച്ച്, ജാതിമതസമുദായ ധ്രുവീകരണത്തിലൂടെ സാംസ്‌കാരികമായും, സാമൂഹ്യമായും ചിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന നമ്മുടെയിടയിലെ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ വരുത്തിവച്ചേക്കാവുന്ന ദുരവസ്ഥ തിരിച്ചറിഞ് നാം ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആയതിനാല്‍, ജൂലൈ 29 ന് ഒരു മണിക്ക് ഡെയ്‌ലി പ്ലാസയില്‍ വച്ച് നടത്തപ്പെടുന്ന പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്ത് നമ്മുടെ സമൂഹത്തിന്റെ ശക്തിയും ഐക്യതയും തെളിയിക്കുവാന്‍ മലയാളി സമൂഹം ഒന്നുചേരണമെന്ന് ഒരു എളിയ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. സിബി ഡേവിഡ് അറിയിച്ചതാണിത്.