ജിയോ കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും

03:31 PM 9/9/2016

images (5)
ദില്ലി: മൊബൈല്‍ സേവനദാതാക്കളെപ്പോലെ തന്നെ ജിയോയുടെ കടന്ന് വരവ് കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരെ ബാധിച്ചേക്കും‍. ജിയോയുടെ കടന്നുവരവോടെ കേബിള്‍ വഴിയും ഡി.ടി.എച്ച് വഴിയുമൊക്കെ നമ്മുടെ സ്വീകരണമുറിയിലെത്തിയിരുന്ന ചാനലുകള്‍ വൈഫൈ വഴി നേരിട്ട് നമ്മുടെ ടിവിയിലെത്തും.
അതിവേഗ ഇന്‍റര്‍നെറ്റിന് ഒപ്പം സ്മാര്‍ട്ട് ടിവികള്‍ കൂടി ചേരുന്നതോടെ മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാതെ ചാനലുകള്‍ കാണാന്‍ സാധിക്കും. ജിയോ ടിവികളിലേക്കു കൂടി കടന്നുവരുന്നതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ്. ഇത്തരം കമ്പനികള്‍ക്ക് ഏകദേശം 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.
കേരളത്തിലെ പ്രധാന പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മൂന്നാം കക്ഷിയുടെ സഹായമില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്നതാണ് ഇതിന്‍റെ ഗുണം. കാരിയേജ് ചാര്‍ജുകള്‍ ഒന്നും നല്‍കാതെ തീര്‍ത്തും ലാഭകരമായി മികച്ച ഗുണമേന്മയോടെ ചാനലുകള്‍ ഉപഭോക്താക്കളില്‍ എത്തുമ്പോള്‍ അവര്‍ ജിയോയുടെ കൂടെ നില്‍ക്കുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.
ഒരു സെറ്റ് ടോപ് ബോക്‌സില്‍ ഇപ്പോള്‍ ലഭിക്കുന്നത് 200 മുതല്‍ 300 ചാനലുകള്‍ ആണ്. എന്നാല്‍ ജിയോ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 1600 ചാനലുകള്‍ വരെ ഉപഭോക്താവിന് ലഭിക്കുന്നു. സിനിമകളുടെ ഓണ്‍ലൈന്‍ റിലീസും ജിയോ നെറ്റ് ഏറ്റെടുത്തേക്കാം.