ജിഷയുടെ കൊലപാതകം: പരിസരവാസിയായ യുവാവ്‌ വീണ്ടും കസ്‌റ്റഡിയില്‍

10:03am 13/5/2016
JISHA (1)
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പരിസരവാസിയായ യുവാവിനെ വീണ്ടും കസ്‌റ്റഡിയിലെടുത്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പുതിയതായി ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ കേസിന്റെ അന്വേഷണം ജിഷയുടെ വീടിന്‌ സമീപത്തേക്ക്‌ കേന്ദ്രീകരിച്ചിരിക്കുകയാണ്‌.
പോലീസ്‌ നായ മണം പിടിച്ച്‌ പോയ വഴിയും യുവാവിനെ കസ്‌റ്റഡിയിലെടുക്കുന്നതിന്‌ കാരണമായാതായാണ്‌ റിപ്പോര്‍ട്ടുകള്‍. യുവാവിനെതിരെ ജിഷയുടെ അമ്മയുടെ ആവര്‍ത്തിച്ചുള്ള മൊഴികളുമുണ്ട്‌. എന്തുകൊണ്ടാണ്‌ രാമജശ്വരി ഇയാളെ സംശയിക്കുന്നതെന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം കൊലക്കേസില്‍ നിര്‍ണായകമാകുമായിരുന്ന തെളിവ്‌ നശിപ്പിച്ചത്‌ കൊലപാതക വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസുകാര്‍ തന്നെയാണ്‌. ജിഷ കൊല്ലപ്പെട്ട മുറിയില്‍ കൊലയാളി ഊരിവച്ചിരുന്ന ബള്‍ബ്‌ പോലീസുകാര്‍ തിരികെ ഹോള്‍ഡറില്‍ ഇട്ടിരുന്നു. ബള്‍ബില്‍ പതിഞ്ഞിരുന്ന കൊലയാളിയുടെ വിരലടയാളം അതോടെ നഷ്‌ടമായി. ഇതു ഗുരുതര വീഴ്‌ചയാണെന്നാണ്‌ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മുറിയില്‍ നടന്നത്‌ പുറത്തുകാണാതിരിക്കാനായാണ്‌ കൊലയാളി ബള്‍ബ്‌ ഊരിവച്ചത്‌. കൊലപാതക വിവരമറിഞ്ഞ്‌ എത്തിയ പോലീസുകാര്‍ മുറിയില്‍ ഇരുട്ടായതിനാല്‍ ബള്‍ബ്‌ തിരികെ ഇടുകയായിരുന്നു.
ഇതിനിടെ, കൊലയാളിയെ നേരിട്ടു കണ്ടവര്‍ പോലീസിനു നിര്‍ണായക മൊഴികള്‍ നല്‍കി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരായ നാലു പേരുടേതാണ്‌ ഈ മൊഴികള്‍. ജിഷയുടെ വീടിനടുത്തുള്ള കനാലിനപ്പുറമാണ്‌ ഇവര്‍ നിന്നത്‌. നിലവിളിക്കു ശേഷം ഒരാള്‍ ജിഷയുടെ വീടിനു പുറത്തിറങ്ങിയെന്ന്‌ ഇവര്‍ പോലീസിനോടു പറഞ്ഞു.
പുറത്തു കിടന്ന മഞ്ഞ ഷാളുമായി ഇയാള്‍ വീണ്ടും അകത്തുകയറി. പിന്നീടും ജിഷയുടെ നിലവിളി കേട്ടെങ്കിലും മഴ പെയ്‌തതിനാല്‍ തങ്ങള്‍ വീട്ടില്‍ കയറി ജനലിലൂടെ നോക്കിയെന്നും അവര്‍ പറഞ്ഞു. ഇയാള്‍ ജിഷയുടെ വീടിനു പിന്നിലുള്ള വട്ട മരത്തിലൂടെ ഇറങ്ങി വസ്‌ത്രങ്ങള്‍ കഴുകിയെന്നും അതു കണ്ട്‌ സ്‌തംഭിച്ചു പോയെന്നും മൊഴിയിലുണ്ട്‌. കൊലപാതകിയെ ഭയപ്പെടുന്നതായും ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌.
ആദ്യമൊക്കെ ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ആദ്യചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയുമില്ല. പിന്നീട്‌ വിശദമായി ചോദിച്ചപ്പോഴാണ്‌ നിര്‍ണായക മൊഴി ലഭിച്ചത്‌. കൊലയാളിയെക്കുറിച്ചുള്ള നാലു പേരുടെയും വിവരണം സമാനമാണ്‌. കൊല നടത്തിയ ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്‌ത്രം കഴുകിയെന്ന വിവരവും പോലീസിനു ലഭിച്ചു