കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ജിഷയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. 33 പട്ടിക ജാതി – പട്ടിക വര്‍ഗ സംഘടനകള്‍ ചേര്‍ന്നുള്ളതാണ് സമരസമിതി. കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ വിവിധ ആവശ്യങ്ങളുന്നയിക്കും. കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണം, തെളിവുകള്‍ നശിപ്പിച്ച പോലീസ്-റവന്യു-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരേയും സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് പ്രതി പട്ടികയില്‍ ചേര്‍ക്കുക, കേരളത്തിലെ റോഡ്, തോട് പുറമ്പോക്കുകളില്‍ താമസിക്കുന്ന എസ് സി-എസ് ടി വിഭാഗങ്ങളെ വാസയോഗ്യമായ വീടുകള്‍ നല്‍കി പുനരധിവസിപ്പിക്കുക, പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി ലഭ്യമാക്കത്തക്ക വിധത്തില്‍ രണ്ടാം ഭൂപരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക, അഭ്യസ്ഥ വിദ്യരായ പട്ടിക ജാതിയില്‍ പെട്ടവര്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമര സമിതി ജനറല്‍ കണ്‍വീനര്‍ പി എന്‍ സുകുമാരന്‍, ചെയര്‍മാന്‍ പി ശശികുമാര്‍, രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍, എ ശശിധരന്‍, കമലന്‍ മാസ്റ്റര്‍, പി വി കൃഷ്ണന്‍കുട്ടി, കെ സി ശോഭാസുരേന്ദ്രന്‍, എം കെ ഗോപി, തങ്കപ്പന്‍ വടുതല, വി വി ആണ്ടവന്‍ പങ്കെടുത്തു.