ജിഷയുടെ കൊലപാതകം: കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജി.ഐ.എ

09.31 PM 10-05-2016
images

കേരളം പോലെ വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും മുന്നിട്ടുനില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ഗ്രൂപ്പ് ഓഫ് ഇന്റലിജന്‍സ് അസോസിയേഷന്‍(ജി.ഐ.എ) അംഗങ്ങള്‍ പറഞ്ഞു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പഠിച്ച ശേഷം അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് പ്രസിദ്ധീകരിക്കാനും ഉദ്ദേശമുണ്ട്. നിര്‍ഭയ വധക്കേസിലും സജീവമായ ഇടപെട്ട വനിതകളുടെ കൂട്ടായ്മയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.
ഇന്നലെ പെരുമ്പാവൂരിലെത്തിയ സംഘം ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, അയല്‍ക്കാര്‍, പഞ്ചായത്ത് മെമ്പര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇന്ന് കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെയും എം.എല്‍.എ സാജു പോളിനെയും സന്ദര്‍ശിക്കും.
കേസ് അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സംഘാംഗവും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകയായ മോനിക്ക അറോറ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ പ്രമാദമായ ആരുഷി വധക്കേസിന് സമാനമായി കൊലപാതകം നടന്ന വീടും പരിസരവും അടച്ചു സീല്‍ ചെയ്യാത്തതിനാല്‍ ഇവിടെയും വിലപ്പെട്ട തെളിവുകള്‍ നശിച്ചു. കുടുംബത്തിന് നേര്‍ക്ക് ഭീഷണി ഉണ്ടെന്ന് രാജേശ്വരി പരാതിപ്പെട്ടിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയതു കൊണ്ടു കാര്യമില്ല, പൊലീസ് സംവിധാനം അടിമുടി അഴിച്ചുപണിയണമെന്ന് ജിഷാവധം ഓര്‍മ്മിപ്പിക്കുന്നുവെന്നും മോനിക്ക പറഞ്ഞു.
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ലളിത നിജാവന്‍, പത്രപ്രവര്‍ത്തക സര്‍ജന ശര്‍മ്മ, വിദ്യാഭ്യാസ വിദഗ്ധ റെയ്‌ന മല്‍ഹോത്ര എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.