ജിഷയുടെ കൊലപാതകം; പ്രതിഷേധസമരത്തില്‍ സംഘര്‍ഷം

12.06 AM 09-05-2016

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ പെലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക സംഘടനകളുടെയും ഫെയ്‌സബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. രാവിലെ 11ന് ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പരിസരത്ത് നിന്നും ആരംഭിച്ച ഇവരുടെ പ്രകടനം സ്റ്റാച്യു ജംഗ്ഷനില്‍ എ.എം – കോര്‍ട്ട് റോഡുകള്‍ ഉപരോധിച്ചു. ഇതിന് ശേഷം എം.സി റോഡ് ഔഷധി ജംഗ്ഷന്‍ കേന്ദ്രീകരിച്ച് വാഹന ഗതാഗതം തടഞ്ഞതോടെ ഒരു വിഭാഗം നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്തതോടെ സമരക്കാര്‍ രണ്ട് ചേരിയായി തിരിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഐശ്വര്യ ദിയ, സുജ ഭാരതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് വൈകീട്ട് ഏഴ് മണിയോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ വീണ്ടും മുദ്രാവാക്യം വിളിച്ച് പൊലീസിന് നേരെ തിരിഞ്ഞ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു. ലാത്തിചാര്‍ജ്ജില്‍ ഒട്ടനവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 12 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീണ്ടും നാട്ടുകാരുടെ സഹകരണത്തോടെ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. ഫെയ്ബുക്ക് കൂട്ടായ്മയിലൂടെ ഇതിന് മുമ്പും ഇത്തരത്തിലുള്ള സമരക്കൂട്ടായ്മകള്‍ നടത്തിയിട്ടുണ്ട്. നീതി ലഭിക്കുന്നവരെ സമരം തുടരുമെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.കാക്കാലന്‍ കുറുവ മഹാസഭ സൊസൈറ്റിയുടെ നേതൃത്വത്തിലും പെരുമ്പാവൂരില്‍ ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.