ജിഷ വധം:സമീപവാസികളുടെ വിരലടയാളം ശേഖരിച്ചു

9.42 PM 10-05-2016
JISHA (1)
നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് അന്വേഷണം നാട്ടുകാരിലേക്കും വ്യാപിപ്പിക്കുന്നു.ഇന്നലെ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലെ ആരോഗ്യമുള്ള എല്ലാവരുടേയും വിരലടയാളം പൊലീസ് ശേഖരിച്ചു. രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ 18 വയസ് മുതല്‍ 70 വയസ് വരെയുള്ള ആരോഗ്യമുള്ളവരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് 3.30 വരെ തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ബാക്കി പരിശോധന ഇന്ന് തുടരും. ഈ രണ്ട് വാര്‍ഡുകളിലായി ഏകദേശം മൂന്നോറം ആളുകളുടെ വിരലടയാളമാണ് ശേഷഖരിക്കുന്നത്. പ്രദേശത്തെ റസിഡന്‍സ്് അസ്സോസിയേഷനുകള്‍ പൂര്‍ണ്ണമായും അന്വേഷണ സംഘത്തോട് സഹകരിക്കുന്നുണ്ട്. 18 വയസിന് താഴെയുള്ള ആരോഗ്യമുള്ള കുട്ടികളുടേയും വിരലടയാളവും ശേഖരിക്കുന്നുണ്ട്. നല്ല ആരോഗ്യമുള്ള ഒരാള്‍ക്കേ ഇത്തരത്തില്‍ ക്രൂരമായ രീതിയില്‍ കൊലപാതകം നടത്താന്‍ സാധിക്കൂവെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരോഗ്യമുള്ളവരെ കേന്ദ്രീകരിച്ച് നടത്തുന്നത്. ഇരുവാര്‍ഡുകളിലേയും ഏറ്റവും പുതിയ വോട്ടേഴ്‌സ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. സ്ഥലത്തില്ലാത്തവരെയെല്ലാം വിളിച്ചു വരുത്തിയും വിരലടയാള പരിശോധന തുടരും. അടുത്ത സമയത്ത് നാട്ടില്‍ നിന്നും താമസം മാറ്റിയ ആളുകളേയും വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായാണ് വിരലടയാളം രേഖപ്പെടുത്തിയത്. കൊല നടന്ന സ്ഥലത്ത് നിന്നും വിരലടയാളം മാത്രമാണ് പൊലീസിന് തെളിവായി ലഭിച്ചിട്ടുള്ളത്. അതു കൊണ്ടാണ് വിരലടയാളം മാത്രം ശേഖരിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ അന്വേഷണം നടക്കുന്നത്. ഞായറാഴ്ച്ച ബംഗളൂരിവിലെ ആധാര്‍ കേന്ദ്രത്തിലേക്ക് ജിഷുടെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ അയച്ചു കൊടുത്തിരുന്നു. ഇവിടെ നിന്നും ശേഖരിക്കുന്ന വിരലടയാളങ്ങളും ബംഗളൂരുവിലേക്ക് അയച്ച് കൊടുക്കും.