ജിഷ വധം: പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധു

03:57 PM 14/05/2016
download
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷയുടെ അമ്മായി ലൈല. പൊലീസും ആരോഗ്യ വകുപ്പും ഒത്തുകളിക്കുകയാണെന്നും ഇവർ ആരോപിച്ചു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലൈല‍.

ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കൾക്ക് പോലും അനുമതിയില്ലെന്നും ലൈല പറഞ്ഞു. പൊലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ദീപക്ക് ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപക്കെതിരെ ഇല്ലാത്ത കഥകൾ കെട്ടിച്ചമക്കുകയാണ് പൊലീസ്. മാധ്യമങ്ങളോട് സംസാരിക്കുവാനോ ഫോണില്‍ ആരെയെങ്കിലും ബന്ധപ്പെടാനോ അനുവദിക്കുന്നില്ല. ദീപയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

പൊലീസിന്‍റെ അനാസ്ഥ മൂലമാണ് പ്രതിയെ പിടിക്കാൻ കഴിയാത്തത്. ജിഷ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് ജിഷയും അമ്മയും രണ്ട് തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. വളരെ മോശമായ രീതിയിലാണ് പൊലീസ് തന്നോട് പെരുമാറിയതെന്നും ലൈല ആരോപിച്ചു.

ജിഷ കൊല്ലപ്പെട്ട ദിവസം മുതൽ അമ്മ രാജേശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്. പനി മൂലം സഹോദരി ദീപയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേശ്വരിയെ പരിചരിക്കാനായി ലൈലക്ക് കളക്ടർ അനുവാദം നൽകിയിരുന്നതുമാണ്. എന്നാൽ ഇന്നലെ അകാരണമായി ലൈലയെ ആശുപത്രിയിൽ നിന്നും പൊലീസ് ഇറക്കിവിടുകയായിരുന്നു.