ജിഷ വധം: പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ദേശീയ വനിതാ കമീഷൻ

06:26pm 13/5/2016

logo-ncw

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതേക്കുറിച്ച് ജിഷയുടെ സഹോദരി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറായില്ല. സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ പേരു പറഞ്ഞ് സർക്കാർ അന്വേഷണത്തിൽ അലംഭാവം കാണിക്കുകയാണ്. അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യക്തമായ വസ്തുതകൾ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിനും റിപ്പോർട്ട് നൽകുമെന്നും കമീഷൻ അധ്യക്ഷ പറഞ്ഞു. നിർഭയ സംഭവത്തിൽ ഡൽഹിയിൽ ഉണ്ടായതിന്‍റെ പകുതി പോലും പ്രതിഷേധങ്ങൾ കേരളത്തിൽ ഉണ്ടാകാത്തതിൽ ഞെട്ടലുണ്ടായെന്നും അവർ പറഞ്ഞു.