01:27am 21/6/2016
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30വരെ 10 ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചാണ് പെരുമ്പാവൂര്‍ കോടതി ഉത്തരവിട്ടത്. പ്രതിയെ 30ാം തീയതി വൈകിട്ട് 4.30ന് മുമ്പ് കോടതിയില്‍ ഹാജരാക്കണം. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡി അനുവദിക്കുന്ന കാര്യം കോടതി പരിഗണിക്കും. പൊലീസിന്റെ അപേക്ഷ പരിഗണിച്ചായിരിക്കും നടപടിയെന്നും കോടതി വ്യക്തമാക്കി.
കുറുപ്പംപടി മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ പകരം ചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ കോടതി ജഡ്ജി വി. മഞ്ജുഷയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് നാട്ടിലേക്ക് പോകണമെന്ന് പ്രതി അമീറുല്‍ ഇസ് ലാം പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഇന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കസ്റ്റഡിയില്‍ ലഭിച്ച അമീറുല്‍ ഇസ് ലാമിനെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ എത്തിക്കും.
കൂടാതെ പ്രതിയെ പൊതുജനമധ്യത്തില്‍ ഹാജരാക്കുമ്പോള്‍ മുഖം മറക്കാന്‍ അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ജഡ്ജി അംഗീകരിച്ചു. കേസിലെ മുഖ്യ തെളിവുകളായ കത്തി!യും വസ്ത്രവും കണ്ടെടുക്കാനുണ്ട്. കൂടാതെ തിരിച്ചറിയല്‍ പരേഡും ആവശ്യമായതിനാല്‍ പ്രതിയുടെ മുഖം മറക്കാന്‍ അനുവദിക്കണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രതിയുടെ അഭിഭാഷകനായി അഡ്വ. പി. രാജനെ നിയമിക്കുന്നതിന് കോടതി അംഗീകാരം നല്‍കി. പൊലീസിനു വേണ്ടി എ.പി.പി അബ്ദുല്‍ നസീര്‍ കോടതിയില്‍ ഹാജരായി.