ജിഷ വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു

03:22 PM 17/09/2016
images (1)
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്വേഷണസംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ പെരുമ്പാവൂരിലെ തൊഴിലാളിയും അസം സ്വദേശിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസമാണ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുന്നത്.

കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധനിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനശ്രമത്തെ എതിര്‍ത്തതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികളാണ് 1500 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും പ്രത്യേക സംഘം നടത്തിയിട്ടുണ്ട്.

പത്ത് വര്‍ഷമോ അതിന് മുകളിലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ പ്രതിക്കെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. അമീറുല്‍ ഇസ്ലാമിനെതിരെ ഇത്തരത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഈ മാസം 14നാണ് 90 ദിവസം തികഞ്ഞത്. എന്നാല്‍, പൊതുഅവധി ആയതിനാല്‍ കോടതിയുടെ അവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

കൊലപാതകത്തിന് പ്രേരണ നല്‍കിയതായി പ്രതി ആരോപിക്കുന്ന അസം സ്വദേശിയായ അനാറുല്‍ ഇസ്ലാമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കോടതിയില്‍നിന്ന് പരാമര്‍ശങ്ങളുണ്ടായാല്‍ തുടരന്വേഷണം നടത്താമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ ലോ കോളജ് സഹപാഠികള്‍ സംശയം തോന്നി അന്വേഷിച്ച് വീട്ടിലെത്തുകയും കൊലപാതക കേസിന്‍റെ അന്വേഷണം കൈകാര്യം ചെയ്തത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസും ഉണര്‍ന്നത്. പോസ്റ്റ്മോര്‍ട്ടത്തിലെ അപാകതയും വിവാദവിഷയമായി. ഇതോടെ, അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് വിരമിച്ച ഫോറന്‍സിക് വിദഗ്ധരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.

ഇതിനിടെ, തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതു മുന്നണി വിജയിക്കുകയും പെരുമ്പാവൂരില്‍ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനം അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനത്തിൽ നിന്ന് അന്വേഷണം പുനരാരംഭിച്ച പുതിയ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.