ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

06.54 PM 04-09-2016
pinarayi-vijayan-4
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ ഹൃദ്‌രോഗമടക്കമുള്ള രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുശേഷം ഇതിന്റെ പുരോഗതി വിലയിരുത്തും. കേരളത്തില്‍ പൊതു ആരോഗ്യ ചികിത്സാ സംവിധാനത്തിലൂടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് ശ്രമം. ഹൃദ്‌രോഗ-ഹൃദയശസ്ത്രക്രിയാ വിദഗ്ധരുടെ സംയുക്ത സംഘടനയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൃദ്‌രോഗം രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയെ ബാധിക്കുന്നുവെന്ന് മാത്രമല്ല, രോഗികള്‍ക്കും കുടുംബത്തിനും വന്‍ സാമ്പത്തികഭാരവും ഉണ്ടാക്കുന്നു. അവയവമാറ്റത്തിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അവയവങ്ങളുടെ ലഭ്യത വലിയ വെല്ലുവിളിയാണ്. അവയവദാനത്തിന് കൂടുതല്‍ ബോധവല്‍ക്കരണം വേണം. ഇന്ത്യയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ എല്ലാ ഡോക്ടര്‍മാരെയും മുഖ്യമന്ത്രി ആദരിച്ചു.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ നാള്‍വഴികള്‍ സംബന്ധിച്ച പുസ്തകം ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. കേരളത്തിലെ പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ശൈലജ പറഞ്ഞു. എന്നാല്‍ വിദഗ്ധന്മാരായ ഡോക്ടര്‍മാരുടെ ലഭ്യത വലിയ പ്രശ്‌നമാണ്.
ഇന്ത്യയിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്ത ഡോ. പി വേണുഗോപാല്‍, പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധര്‍ ഡോ. കെ എം ചെറിയാന്‍ എന്നിവര്‍ ആദരവിന് നന്ദി പറഞ്ഞു. ഡോ. ശിവ് കെ നായര്‍ അധ്യക്ഷനായി. മുന്‍ എംപി പി രാജീവ്, ഡോ. കെ യു നടരാജന്‍, ഡോ ജോസ് ചാക്കോ പെരിയപ്പുറം, ഡോ. പി പി മോഹനന്‍. ഡോ. ജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധര്‍ ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. ഡോ. ഹോസ്റ്റ് സ്റ്റീവര്‍ട്ട് (ജര്‍മനി), ഡോ. സ്റ്റീവ് ക്ലാര്‍ക്ക് (യുകെ), ഡോ. സി സിവതാസന്‍ (സിംഗപ്പൂര്‍) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഹൃദയപരാജയത്തിനുള്ള നൂതനമായ ചികിത്സാരീതികളും ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാരംഗത്തുള്ള വെല്ലുവിളികളും കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കുന്ന രീതികളും ചര്‍ച്ചചെയ്തു. സമഗ്ര സംഭാവനയ്ക്ക് സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഡോ. ഹോസ്റ്റ് സ്റ്റീവര്‍ട്ടിന് സമ്മാനിച്ചു.