ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാവടക്കമുള്ള സംഘം മനുസ്മൃതി കത്തിച്ചു

10:08AM 9/3/2016
manusmrithi

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രകോപനം കൊണ്ടു ജെ.എന്‍.യു.വില്‍ പുതിയ വിവാദം അരങ്ങേറി . എ.ബി.വി.പി യൂനിറ്റ് വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യയും മറ്റു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ചേര്‍ന്ന് ചൊവ്വാഴ്ച വനിതാ ദിനാഘോഷ പരിപാടിയില്‍ മനുസ്മൃതി കത്തിച്ചാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഹിന്ദുമതത്തിന്റെ പ്രമാണമായി പരിഗണിക്കപ്പെടുന്ന മനുസ്മൃതി സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണെന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ നടപടി. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്‌ളെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. മുമ്പും മനുസ്മൃതി കത്തിച്ചിട്ടുണ്ടെന്നും ഇതാദ്യമായാണ് അനുമതി തേടേണ്ടി വരുന്നതെന്നും പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥി പറഞ്ഞു. ഭരണഘടനാ ശില്‍പിയായ ഭാഭാ സാഹെബ് അംബേദ്കറും മനുസ്മൃതി കത്തിച്ചിട്ടുണ്ട്.

പരിപാടിക്ക് അനുമതി നിഷേധിച്ചതിലൂടെ സര്‍വകലാശാല ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്ന് വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റായ സുചേത ഡെ പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ച് എ.ബി.വി.പിയുടെ യൂനിറ്റ് ഭാരവാഹിത്വം രാജിവച്ച മൂന്നുപേരും പരിപാടിയില്‍ പങ്കെടുത്തു.