ജെ.എന്‍.യു; ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പുറത്താക്കിയേക്കും

06.05 PM 11-04-2016
jnu
രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും കാമ്പസില്‍നിന്നു പുറത്താക്കിയേക്കും. ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരായ നടപടി പിഴ ശിക്ഷയിലൊതുക്കാനും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ശിപാര്‍ശ ചെയ്തു. 10000 രൂപ കനയ്യക്കു പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തെ കാലയളവിലാകും അനിര്‍ബനെയും ഉമര്‍ ഖാലിദിനെയും പുറത്താക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റമാരോപിച്ച അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയും ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍മോചിതരായത്. കനയ്യ കുമാറിന് കോടി നേരത്തെ ജാമ്യം നല്‍കിയിരുന്നു.